District: Pauri Garhwal
Famous as: Hill Station
Languages: Garhwali, Hindi
Best Season: Mar - Oct
Weather: Summer 15 to 30°C, Winter -4 to 17°C
Altitude: 1706 m
Pincode: 246155
STD code: 01386,01382,01348
ഹിമാലയത്തിന്റെ സൗന്ദര്യവും ഗംഗയുടെ ഭക്തിയും തേടിയെത്തുന്ന സഞ്ചാരികളുടെ പറുദീസയാണ് ഉത്തര്‍ഖണ്ഡ്. ഹരിദ്വാറും രുദ്രപ്രയാഗും മസൂറിയും നൈനിത്താളും തുടങ്ങി അനേകം ലക്ഷ്യസ്ഥാനങ്ങള്‍ ഈ സംസ്ഥാനത്തുണ്ട്. വേനലില്‍ വടക്കേയിന്ത്യ വിയര്‍ക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും മറ്റനേകം നഗരങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഉത്തര്‍ഖണ്ഡിലേക്കൊഴുകും. അതിനാല്‍ ഇവിടുത്തെ പ്രധാന സ്ഥലങ്ങളെല്ലാം ടൂറിസ്‌ററുകളുടെ ബാഹുല്യം മൂലം വീര്‍പ്പുമുട്ടുന്ന കാഴ്ചയാണുള്ളത്. ഇതില്‍ നിന്നും വ്യത്യസ്ഥമായി ഉത്തര്‍ഖണ്ഡിലെ നിശബ്ദവും മനോഹരവുമായ ഒരു ഹില്‍സ്‌റ്റേഷനാണ് ലാന്‍സ്ഡൗണ്‍. ബ്രിട്ടീഷുകാര്‍ കണ്ടെടുത്ത് പടുത്തുയര്‍ത്തിയ സുന്ദരമായ ഒരു പ്രദേശം. 1888 മുതല്‍ 1894 വരെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് ലാന്‍സ്ഡൗണ്‍ ആണ് ഈ ചെറുപട്ടണത്തിന്റെ വികാസത്തിന് കാരണമായത്. അതിനാല്‍ അദ്ദേഹത്തിന്റെ പേരുതന്നെ പില്‍ക്കാലത്ത് പട്ടണത്തിന് നല്‍കുകയും ചെയ്തു.
ഡല്‍ഹിയില്‍നിന്നും 254 കിലോമീറ്റര്‍ അകലെയാണ് ലാന്‍സ്ഡൗണ്‍. ഉത്തര്‍പ്രദേശിലെ പ്രസിദ്ധ പട്ടണങ്ങളായ ഗാസിയാബാദ്, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. കണ്ണെത്താത്ത ദൂരത്തോളം ഗോതമ്പുപാടങ്ങളും കടുകുപാടങ്ങളും അതിരിടുന്ന പാത. യാത്ര ഉള്‍ഗ്രാമങ്ങളിലേക്കെത്തുമ്പോള്‍ കാളവണ്ടികളും ട്രാക്ടറുകളും വല്ലപ്പോഴും മാത്രം മോട്ടോര്‍ വാഹനങ്ങളും എന്നതാകും റോഡിലെ കാഴ്ച. നേര്‍രേഖ പോലെയുള്ള റോഡ് കോട്ദ്വാര്‍ എന്ന നഗരത്തില്‍ അവസാനിക്കുന്നു. അവിടന്നങ്ങോട് ചുരമാണ്. ഹെയര്‍പിന്‍ വളവുകളും ചെങ്കുത്തായ കയറ്റവുമുള്ള റോഡിലുടെയുള്ള ഡ്രൈവ് സാഹസികവും മനോഹരവുമാണ്.
പച്ചയുടെ ഒരു തുരുത്താണ് ലാന്‍സ്ഡൗണ്‍. ഓക്ക് മരങ്ങളും പൈന്‍മരങ്ങളും ഇടതിങ്ങുന്ന കാട്. അങ്ങിങ്ങ് ചെറു വീടുകള്‍. ഇന്ത്യന്‍ ആര്‍മിയുടെ ഗഡ്‌വാള്‍ റജിമെന്റിന്റെ ആസ്ഥാനം ഇവിടെയാണ്. പട്ടാളക്കാരുടെ സാനിധ്യം ഇല്ലായിരുന്നെങ്കില്‍ ജനസംഖ്യ തീരെക്കുറവായ ഈ പ്രദേശത്തേക്കുള്ള റോഡ് ഇപ്പോഴുള്ള വിധം വികസിക്കുമായിരുന്നില്ല. പ്രദേശത്തിന്റെ നിയന്ത്രണം നിര്‍വ്വഹിക്കുന്ന ഗഡ്‌വാള്‍ റജിമെന്റ് ഈ ചെറു പട്ടണത്തെ വൃത്തിയോടെയാണ് സംരക്ഷിക്കുന്നത്. വ്യത്യസ്തങ്ങളായ ഹിമാലയന്‍ പക്ഷികളുടെ പറുദീസയായ ലാന്‍സ്ഡൗണിലെ കാടുകളും റജിമെന്റാണ് സംരക്ഷിക്കുന്നത്.
സവിശേമായ ഭൂപ്രകൃതിയുള്ള ലാന്‍സ്ഡൗണില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. ടൂറിസം വികസനത്തിന്റെ പേരില്‍ അമിതമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് മനോഹാരിത നഷ്ടപ്പെടുത്തിയ ഇന്ത്യയിലെ അനേകം ഹില്‍സ്റ്റേഷനുകളില്‍ നിന്ന് ലാന്‍സ്ഡൗണിനെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച ബംഗ്ലാവുകളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. തനിമ ചോരാതെ ഗഡ്‌വാള്‍ റജിമെന്റ് ഇവയേയും സംരക്ഷിക്കുന്നു.
വേനലിലും തണുപ്പാണ് ലാന്‍സ്ഡൗണില്‍. നവംബര്‍ മുതല്‍ ജനുവരി വരെ അത് പൂജ്യം ഡിഗ്രിക്ക് താഴെയെത്തുന്നു. ഈ സമയം താഴ്‌വരെയാകെ മഞ്ഞുമൂടിക്കിടക്കും. വര്‍ഷം മുഴുവന്‍ നീളുന്ന ഈ തണുപ്പും തികഞ്ഞ നിശ്ശബ്തതയും വിവരണാതീതമായ പ്രകൃതിദൃശ്യങ്ങളും ചേര്‍ന്ന് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത അനുഭവമാണ് നല്‍കുന്നത്. ഒരിക്കല്‍ സന്ദര്‍ശിച്ചവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാകും ലാന്‍സ്ഡൗണ്‍. ഒറ്റക്കുള്ള യാത്രകള്‍ക്കും ഹണിമൂണ്‍ ട്രിപ്പുകള്‍ക്കും ഇതിലും സുന്ദരമായ മറ്റൊരുസ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ലാന്‍സ്ഡൗണിലെ ഓരോ വഴിയിലൂടെയുമുള്ള നടത്തം സഞ്ചാരികളെ പ്രകൃതിയോടടുപ്പിക്കുന്നു. പൈന്‍ കാടിന്റെ ചൂളമടിയില്‍ തണുത്ത കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിക്കുന്നു ഇവിടെ.
സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങള്‍
കാഴ്ച കാണാന്‍ പോകുന്നവരെ ആകര്‍ഷിക്കുന്ന ഒന്നും തന്നെയില്ല ലാന്‍സ്ഡൗണില്‍. 1890ല്‍ പണികഴിപ്പിച്ച ഒരു ചെറിയ പള്ളി, ഗഡ്‌വാള്‍ റൈഫിള്‍സിന്റെ ആസ്ഥാനം, വാര്‍ മെമ്മോറിയല്‍, റജിമെന്റല്‍ മ്യൂസിയം, ടിഫിന്‍ ടോപ്പ് വ്യൂ പോയിന്റില്‍ നിന്നും ഒരു നോട്ടം, ഭുല്ല തടാകത്തില്‍ അല്‍പ്പനേരം ബോട്ടിംഗ്. ഇത്രയൊക്കെയേ ഉള്ളു ഇവിടെ. പക്ഷേ അതിമനോഹരവും നിശബ്ദവുമായ ഒരു പ്രകൃതിയുണ്ട് ലാന്‍സ്ഡൗണില്‍.
സഞ്ചാരികളുടെ ബഹളങ്ങളില്‍ നിന്നും അകലെയാണ് ഇവിടം. അത്തരം മുഹൂര്‍ത്തങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലാന്‍സ്ഡൗണ്‍ മേഘങ്ങള്‍ക്കിടയിലെ ഒരു പറുദീസയാണ്. ഒറ്റക്കുള്ള യാത്രയിലോ ഹണിമൂണ്‍ ട്രിപ്പിലോ നിങ്ങള്‍ മറ്റെന്താണ് ആഗ്രഹിക്കുന്നത്?
activities
bird watching
trekking
paddling
boating
season
march- october
for room booking
GMVN Tourist bungalow,
Lansdowne
Tel: 01386-262509
