April 2, 2010

ശരത്‌ചന്ദ്രന്‍: മനുഷ്യസ്‌നേഹിയായ ചലച്ചിത്രകാരന്‍



(ഒരോര്‍മ്മക്കുറിപ്പ്‌ )

മുഖ്യധാരയിലെ കെട്ടുകാഴ്‌ചകളില്‍ നിന്നകന്ന്‌, ദൃശ്യങ്ങളുടെ ആഴത്തിലുള്ള സംവേദനക്ഷമതയേക്കുറിച്ച്‌ മാത്രം ആലോചിച്ചിരുന്ന ചലച്ചിത്രകാരനായിരുന്നു സി. ശരത്‌ചന്ദ്രന്‍. സിനിമയായിരുന്നു അയാളുടെ ആത്മാവ്‌. അതിനായി ഇറങ്ങിപ്പുറപ്പെട്ട ഒരാള്‍ എന്ന്‌ പരിചയപ്പെടുത്തുന്നതു പോലെ കാണുമ്പോഴെല്ലാം നല്ല സിനിമകളേക്കുറിച്ച്‌ മാത്രം സംസാരിച്ചു അദ്ദേഹം.
എം.ജി. സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത്‌ ഒരു ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ്‌ ശരത്‌ചന്ദ്രനെ ആദ്യമായി കാണുന്നത്‌. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ആ ഫെസ്റ്റിവലിലേക്ക്‌ തോള്‍സഞ്ചിയില്‍ ഡി.വി.ഡി-കളും കൈയില്‍ വീഡിയോ പ്രൊജക്ടറുമായി കടന്നുവന്ന അദ്ദേഹത്തെ കൗതുകത്തോടെയായിരുന്നു ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കത്‌. പ്രതിഫലമായി വലിയ പണമൊന്നും നല്‍കിയിരുന്നില്ല വിദ്യാര്‍ത്ഥികള്‍. ഓരോ ചിത്രവും ആരംഭിക്കുന്നതിന്‌ മുന്‍പും അവസാനിച്ച ശേഷവും അതിനേക്കുറിച്ച്‌ ഹൃസ്വമായ ഒരു വിവരണം നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സിനിമയുടെ ചരിത്രവും, വിവിധ പ്രസ്ഥാനങ്ങളുമെല്ലാം ഈ വര്‍ത്തമാനങ്ങളില്‍ കടന്നുവന്നു. വിദ്യാര്‍ത്ഥികള്‍ക്ക്‌ സിനിമ മനസിലാകാന്‍ ഇത്‌ സഹായകമായി. ഏതോ കാലത്ത്‌്‌, വ്യത്യസ്‌തമായ രാഷ്ട്രീയ അന്തരീക്ഷങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ അതിന്റെ ചരിത്രപരമായ പശ്ചാത്തലംകൂടി മനസിലാക്കി ആസ്വദിക്കപ്പെടണമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. അതിനായി വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചു. ലോകസിനിമയിലെ ക്ലാസിക്കുകള്‍ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ആ മേള അക്കാലത്ത്‌്‌ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പഠിച്ചിരുന്ന സിനിമാ പ്രേമികളായ വിദ്യാര്‍ത്ഥികളാരും മറക്കില്ല. (ചലച്ചിത്ര അക്കാദമിയുടെയും മാതൃഭൂമിയിലെ ഡോണ്‍ ജോര്‍ജിന്റേയും സഹായത്തോടെ ക്യാംപസില്‍ നടത്തിവന്ന ഫിലിം ഫെസ്റ്റിവലുകള്‍ പൂതിയ സിനിമകളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌.)
കലയെന്ന നിലയില്‍ സിനിമയെ സമീപിക്കുന്നവരേയും വിദ്യാര്‍ത്ഥികളേയും നല്ല ചിത്രങ്ങള്‍ കാണിക്കുന്നതില്‍ സന്തോഷിച്ചിരുന്നയാളായിരുന്നു ശരത്‌ചന്ദ്രന്‍. ഫിലിം സൊസൈറ്റികളിലും സര്‍വ്വകലാശാലാ ക്യാംപസുകളിലും കോളേജുകളിലും സ്‌കൂളുകളിലും ഇതിനായി അദ്ദേഹം ചലച്ചിത്ര മേളകള്‍ നടത്തി. പലപ്പോഴും പ്രതിഫലമൊന്നും വാങ്ങാതെയായിരുന്നു ഈ ശ്രമങ്ങള്‍. തന്റെ സ്വകാര്യ ശേഖരത്തിലെ ഡി.വി.ഡി-കള്‍ ഇത്തരം മേളകള്‍ക്കായി അദ്ദേഹം ഉപയോഗിച്ചു. വീഡിയോ പ്രൊജക്ടര്‍ സംഘടിപ്പിക്കാമെങ്കില്‍ ചലച്ചിത്രമേളകള്‍ നടത്താന്‍ സഹായിക്കാമെന്ന വാഗ്‌ദാനം ഫണ്‌ടില്ലാത്ത സംഘടനകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പലപ്പോഴും അനുഗ്രഹമായിരുന്നു. തൃശൂരില്‍ വര്‍ങ്ങളായി നടത്തിവരുന്ന വിബ്‌ജിയോര്‍ വീഡിയോ ഫിലിം ഫെസ്റ്റിവലിന്റെ അണിയറയില്‍ പ്രധാനിയാണ്‌ ശരത്‌ചന്ദ്രന്‍.
കൊച്ചിന്‍ റീഫൈനറി സ്‌കൂളില്‍ രണ്‌ട്‌ വര്‍ഷം മുന്‍പ്‌ നടത്തിയ ഒരു ഫിലിം ക്യാമ്പിലാണ്‌ അദ്ദേഹത്തിന്റെ ഇത്തരം പരിശ്രമങ്ങളുടെ വ്യാപ്‌തി അടുത്തറിയാന്‍ അവസരം ലഭിച്ചത്‌. മൂന്ന്‌ ദിവസം നീണ്‌ടുനിന്ന ക്യാമ്പ്‌ തീരുമ്പോഴേക്കും അന്‍പതോളം വരുന്ന കുട്ടികള്‍ നല്ല സിനിമയുടെ ആരാധകരായി മാറിയിരുന്നു. ആക്‌ഷനും കോമഡിയും പാട്ടും ഡാന്‍സും നിറഞ്ഞ കച്ചവട സിനിമകള്‍ക്കപ്പുറം ലോകത്ത്‌ വിവിധ ഭാഷകളില്‍ നല്ല സിനിമകള്‍ ഇറങ്ങുന്നുണെ്‌ടന്നും അവ തേടിപ്പിടിക്കാന്‍ ശ്രമിക്കണമെന്നും ശരത്‌ അവരോട്‌ ഇടതടവില്ലാതെ പറയുന്നുണ്‌ടായിരുന്നു. ക്യാമ്പിന്റെ ഒടുവില്‍ കുട്ടികള്‍ വീഡിയോ ഫോര്‍മാറ്റില്‍ മൂന്ന്‌ ലഘു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സംഘാടകരായിരുന്ന ഞങ്ങളെയെല്ലാം അദ്‌ഭുതപ്പെടുത്ത വിധം മനോഹരങ്ങളായിരുന്നു ആ ചിത്രങ്ങള്‍. അവരുടെ മാറിയ സിനിമാ ബോധത്തിന്റെ സാക്ഷ്യങ്ങളായിരുന്നു അവ. കേരളത്തിലെ സ്‌കൂളുകളില്‍ ഇത്തരം നിരവധി ക്യാമ്പുകള്‍ നടത്തുക എന്നത്‌ ശരത്‌ചന്ദ്രന്റെ സ്വപ്‌നമായിരുന്നു.
തിരുവനന്തപുരത്തെ മീഡിയാ ആക്‌ട്‌ ഫോര്‍ട്ട്‌കൊച്ചിയില്‍ സംഘടിപ്പിച്ച ഫിലിം അപ്രിസിയേഷന്‍ കോഴ്‌സില്‍ വച്ചാണ്‌ അദ്ദേഹത്തെ അവസാനമായി കണ്‌ടത്‌. ക്ലാസിന്റെ ഭാഗമായി ഒരു തമിഴ്‌ ഡോക്യുമെന്ററി അദ്ദേഹം പ്രദര്‍ശിപ്പിച്ചു. നല്ല സിനിമകളേക്കുറിച്ച്‌ ദീര്‍ഘനേരം അവിടെ കൂടിയിരുന്നവരോട്‌ സംസാരിച്ചു. ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവുമധികം ഡോക്യുമെന്ററികളുടെ ശേഖരമുള്ളത്‌ ശരത്‌ചന്ദ്രന്റെ കൈയിലായിരുന്നു. അവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദികളുണെ്‌ടങ്കില്‍ എപ്പോള്‍ വേണമെങ്കിലും തരാമെന്ന വാഗ്‌ദാനം നല്‍കിയാണ്‌ ശരത്‌ അന്ന്‌ പിരിഞ്ഞത്‌.
ഫേസ്‌ബുക്കില്‍ സജീവമായിരുന്നു ശരത്‌ചന്ദ്രന്‍. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ അധികവും. മണിപ്പൂരിലെ ഇറോം ഷര്‍മ്മിള വര്‍ഷങ്ങളായി തുടരുന്ന നിരാഹാര സമരത്തിന്റെ ഒരു പോസ്റ്ററാണ്‌ ഇപ്പോഴും അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രം. ഷര്‍മ്മിളയുടെ സമരത്തേക്കുറിച്ച്‌ ആഴ്‌ചകളോളം നീണ്‌ട പ്രചാരണം തന്നെ ശരത്‌ ഫോസ്‌ബുക്കില്‍ നടത്തി. ഒറീസയിലെ കലിംഗനഗറില്‍ മടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ചുള്ളതായിരുന്നു ശരത്തിന്റെ അവസാനത്തെ പോസ്റ്റ്‌. ലോകപ്രശസ്‌ത ഡോക്യുമെന്ററി സംവിധായകനായ ആനന്ദ്‌ പട്‌വര്‍ദ്ധന്‍ ശരത്‌ചന്ദ്രന്റെ ഫേസ്‌ബുക്ക്‌ വാളില്‍ തന്റെ അനുശോചന സന്ദശത്തില്‍ ഇങ്ങനെ പറയുന്നു: sarat where will we find u now? in every face that seeks knowledge not for power but for sharing. love is forever so u are forever comrade. പട്‌വര്‍ദ്ധനുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു ശരത്‌.
ഏപ്രില്‍ ഏഴിന്‌ എറണാകുളത്ത്‌ സംഘടിപ്പിക്കുന്ന ഒരു ഡോക്യുമെന്ററിയുടെ വിവരമാണ്‌ അദ്ദേഹത്തിന്റെ അവസാനത്തെ മറ്റൊരു പോസ്റ്റ്‌. " inside the revolution: journey into the heart of venezuela'- directed by Roberto Navarrete, will be in Ernakulam on 7th of April. anybody interasted to joine? അദ്ദേഹം ചോദിക്കുന്നു. പതിറ്റാുകളായി ക്യാമറയും കൈയിലേന്തി സൈലന്റ്‌വാലിയിലും പ്ലാച്ചിമടയിലും മാവൂരിലും ചെങ്ങറയിലും ചുറ്റിക്കറങ്ങിയ ഒരാളുടെ അവസാനിക്കാത്ത വിപ്ലവ സ്വപ്‌നം. ജോണ്‍ എബ്രഹാമിന്റേയും അരവിന്ദന്റേയും ബക്കറിന്റേയുമൊക്കെയൊപ്പം സിനിമാ സ്വപ്‌നങ്ങള്‍ കണ്‌ട തലമുറയില്‍ ഇന്നും സജീവമായ കണ്ണിയായിരുന്നു സി. ശരത്‌ചന്ദ്രന്‍. ജോണിനും അരവിന്ദനുമൊപ്പം പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളില്‍ പറയുമായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനം ഇന്ന്‌ കേരളത്തില്‍ അന്യംനിന്നുപോയ നിലയിലാണെങ്കിലും, എഴുപതുകളിലെ അതേ ആവേശം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ചിലരെങ്കിലുമുണ്‌ട്‌. അവരിലൊരാളായിരുന്നു ശരത്‌.
പീഡിപ്പിക്കപ്പെടുന്ന പ്രകൃതിയോട്‌, അശരണരോട്‌, ഭരണകൂടത്തിന്റെ മര്‍ദ്ദനമേറ്റുവാങ്ങേണ്‌ടി വരുന്ന ചെറുപക്ഷങ്ങളോട്‌ അദ്ദേഹത്തിനുണ്‌ടായിരുന്ന കരുണയായിരുന്നു ക്യാമറയും പേറിയുള്ള ഈ അലച്ചിലില്‍ ഇന്ധനം. ഇങ്ങനൊരാള്‍ ഇവിടെ ജിവിച്ചിരുന്നു എന്ന്‌ മലയാളികള്‍ അധികംപേര്‍ അറിയാനിടയില്ല. അറിയുന്നവരെങ്കിലും ശരത്തിന്റെ സാഹസിക ജീവിതത്തെ മറന്നുപോകാതിരിക്കട്ടെ. അദ്ദേഹത്തിന്റെ സിനിമാ പ്രവര്‍ത്തനങ്ങളേക്കുറിച്ച്‌ ആരെങ്കിലും വിശദമായി എഴുതിയിരുന്നെങ്കില്‍ എന്ന്‌ ആശിച്ചുപോകുന്നു.

വര്‍ഗീസ്‌ അന്റണി, കൊച്ചി

(മാര്‍ച്ച്‌ 31ന്‌ രാത്രി തൃശൂരില്‍ നിന്നും എറണാകുളത്തേക്ക്‌ വരികയായിരുന്ന ട്രെയിനില്‍ നിന്നും വീണ്‌ ശരത്‌ചന്ദ്രന്‍ മരിച്ചു. ട്രെയിനില്‍ നല്ല തിരക്കുണ്‌ടായിരുന്നു. അടുത്തു നില്‍ക്കുകയായിരുന്ന ഒരാള്‍ വീഴാന്‍ പോയപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ്‌ ശരത്‌ ട്രെയിനില്‍ നിന്നും വീണതെന്ന്‌ പറയപ്പെടുന്നു.)

ശരത്‌ചന്ദ്രന്റെ വെബ്‌സൈറ്റ്‌: www.thirdeyefilms.org
ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ : www.facebook.com/home.php#!/profile.php?id=1181224077&ref=ts