July 12, 2011

ലാന്‍സ്ഡൗണ്‍: പച്ചപ്പിന്റെ ഹിമാലയന്‍ തുരുത്ത്

State: Uttaranchal
District: Pauri Garhwal
Famous as: Hill Station
Languages: Garhwali, Hindi
Best Season: Mar - Oct
Weather: Summer 15 to 30°C, Winter -4 to 17°C
Altitude: 1706 m
Pincode: 246155
STD code: 01386,01382,01348


ഹിമാലയത്തിന്റെ സൗന്ദര്യവും ഗംഗയുടെ ഭക്തിയും തേടിയെത്തുന്ന സഞ്ചാരികളുടെ പറുദീസയാണ് ഉത്തര്‍ഖണ്ഡ്. ഹരിദ്വാറും രുദ്രപ്രയാഗും മസൂറിയും നൈനിത്താളും തുടങ്ങി അനേകം ലക്ഷ്യസ്ഥാനങ്ങള്‍ ഈ സംസ്ഥാനത്തുണ്ട്. വേനലില്‍ വടക്കേയിന്ത്യ വിയര്‍ക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും മറ്റനേകം നഗരങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഉത്തര്‍ഖണ്ഡിലേക്കൊഴുകും. അതിനാല്‍ ഇവിടുത്തെ പ്രധാന സ്ഥലങ്ങളെല്ലാം ടൂറിസ്‌ററുകളുടെ ബാഹുല്യം മൂലം വീര്‍പ്പുമുട്ടുന്ന കാഴ്ചയാണുള്ളത്. ഇതില്‍ നിന്നും വ്യത്യസ്ഥമായി ഉത്തര്‍ഖണ്ഡിലെ നിശബ്ദവും മനോഹരവുമായ ഒരു ഹില്‍സ്‌റ്റേഷനാണ് ലാന്‍സ്ഡൗണ്‍. ബ്രിട്ടീഷുകാര്‍ കണ്ടെടുത്ത് പടുത്തുയര്‍ത്തിയ സുന്ദരമായ ഒരു പ്രദേശം. 1888 മുതല്‍ 1894 വരെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് ലാന്‍സ്ഡൗണ്‍ ആണ് ഈ ചെറുപട്ടണത്തിന്റെ വികാസത്തിന് കാരണമായത്. അതിനാല്‍ അദ്ദേഹത്തിന്റെ പേരുതന്നെ പില്‍ക്കാലത്ത് പട്ടണത്തിന് നല്‍കുകയും ചെയ്തു.


ഡല്‍ഹിയില്‍നിന്നും 254 കിലോമീറ്റര്‍ അകലെയാണ് ലാന്‍സ്ഡൗണ്‍. ഉത്തര്‍പ്രദേശിലെ പ്രസിദ്ധ പട്ടണങ്ങളായ ഗാസിയാബാദ്, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. കണ്ണെത്താത്ത ദൂരത്തോളം ഗോതമ്പുപാടങ്ങളും കടുകുപാടങ്ങളും അതിരിടുന്ന പാത. യാത്ര ഉള്‍ഗ്രാമങ്ങളിലേക്കെത്തുമ്പോള്‍ കാളവണ്ടികളും ട്രാക്ടറുകളും വല്ലപ്പോഴും മാത്രം മോട്ടോര്‍ വാഹനങ്ങളും എന്നതാകും റോഡിലെ കാഴ്ച. നേര്‍രേഖ പോലെയുള്ള റോഡ് കോട്ദ്വാര്‍ എന്ന നഗരത്തില്‍ അവസാനിക്കുന്നു. അവിടന്നങ്ങോട് ചുരമാണ്. ഹെയര്‍പിന്‍ വളവുകളും ചെങ്കുത്തായ കയറ്റവുമുള്ള റോഡിലുടെയുള്ള ഡ്രൈവ് സാഹസികവും മനോഹരവുമാണ്.


പച്ചയുടെ ഒരു തുരുത്താണ് ലാന്‍സ്ഡൗണ്‍. ഓക്ക് മരങ്ങളും പൈന്‍മരങ്ങളും ഇടതിങ്ങുന്ന കാട്. അങ്ങിങ്ങ് ചെറു വീടുകള്‍. ഇന്ത്യന്‍ ആര്‍മിയുടെ ഗഡ്‌വാള്‍ റജിമെന്റിന്റെ ആസ്ഥാനം ഇവിടെയാണ്. പട്ടാളക്കാരുടെ സാനിധ്യം ഇല്ലായിരുന്നെങ്കില്‍ ജനസംഖ്യ തീരെക്കുറവായ ഈ പ്രദേശത്തേക്കുള്ള റോഡ് ഇപ്പോഴുള്ള വിധം വികസിക്കുമായിരുന്നില്ല. പ്രദേശത്തിന്റെ നിയന്ത്രണം നിര്‍വ്വഹിക്കുന്ന ഗഡ്‌വാള്‍ റജിമെന്റ് ഈ ചെറു പട്ടണത്തെ വൃത്തിയോടെയാണ് സംരക്ഷിക്കുന്നത്. വ്യത്യസ്തങ്ങളായ ഹിമാലയന്‍ പക്ഷികളുടെ പറുദീസയായ ലാന്‍സ്ഡൗണിലെ കാടുകളും റജിമെന്റാണ് സംരക്ഷിക്കുന്നത്.
സവിശേമായ ഭൂപ്രകൃതിയുള്ള ലാന്‍സ്ഡൗണില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. ടൂറിസം വികസനത്തിന്റെ പേരില്‍ അമിതമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് മനോഹാരിത നഷ്ടപ്പെടുത്തിയ ഇന്ത്യയിലെ അനേകം ഹില്‍സ്റ്റേഷനുകളില്‍ നിന്ന് ലാന്‍സ്ഡൗണിനെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച ബംഗ്ലാവുകളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. തനിമ ചോരാതെ ഗഡ്‌വാള്‍ റജിമെന്റ് ഇവയേയും സംരക്ഷിക്കുന്നു.


വേനലിലും തണുപ്പാണ് ലാന്‍സ്ഡൗണില്‍. നവംബര്‍ മുതല്‍ ജനുവരി വരെ അത് പൂജ്യം ഡിഗ്രിക്ക് താഴെയെത്തുന്നു. ഈ സമയം താഴ്‌വരെയാകെ മഞ്ഞുമൂടിക്കിടക്കും. വര്‍ഷം മുഴുവന്‍ നീളുന്ന ഈ തണുപ്പും തികഞ്ഞ നിശ്ശബ്തതയും വിവരണാതീതമായ പ്രകൃതിദൃശ്യങ്ങളും ചേര്‍ന്ന് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത അനുഭവമാണ് നല്‍കുന്നത്. ഒരിക്കല്‍ സന്ദര്‍ശിച്ചവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാകും ലാന്‍സ്ഡൗണ്‍. ഒറ്റക്കുള്ള യാത്രകള്‍ക്കും ഹണിമൂണ്‍ ട്രിപ്പുകള്‍ക്കും ഇതിലും സുന്ദരമായ മറ്റൊരുസ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ലാന്‍സ്ഡൗണിലെ ഓരോ വഴിയിലൂടെയുമുള്ള നടത്തം സഞ്ചാരികളെ പ്രകൃതിയോടടുപ്പിക്കുന്നു. പൈന്‍ കാടിന്റെ ചൂളമടിയില്‍ തണുത്ത കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിക്കുന്നു ഇവിടെ.



സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങള്‍
കാഴ്ച കാണാന്‍ പോകുന്നവരെ ആകര്‍ഷിക്കുന്ന ഒന്നും തന്നെയില്ല ലാന്‍സ്ഡൗണില്‍. 1890ല്‍ പണികഴിപ്പിച്ച ഒരു ചെറിയ പള്ളി, ഗഡ്‌വാള്‍ റൈഫിള്‍സിന്റെ ആസ്ഥാനം, വാര്‍ മെമ്മോറിയല്‍, റജിമെന്റല്‍ മ്യൂസിയം, ടിഫിന്‍ ടോപ്പ് വ്യൂ പോയിന്റില്‍ നിന്നും ഒരു നോട്ടം, ഭുല്ല തടാകത്തില്‍ അല്‍പ്പനേരം ബോട്ടിംഗ്. ഇത്രയൊക്കെയേ ഉള്ളു ഇവിടെ. പക്ഷേ അതിമനോഹരവും നിശബ്ദവുമായ ഒരു പ്രകൃതിയുണ്ട് ലാന്‍സ്ഡൗണില്‍.


സഞ്ചാരികളുടെ ബഹളങ്ങളില്‍ നിന്നും അകലെയാണ് ഇവിടം. അത്തരം മുഹൂര്‍ത്തങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലാന്‍സ്ഡൗണ്‍ മേഘങ്ങള്‍ക്കിടയിലെ ഒരു പറുദീസയാണ്. ഒറ്റക്കുള്ള യാത്രയിലോ ഹണിമൂണ്‍ ട്രിപ്പിലോ നിങ്ങള്‍ മറ്റെന്താണ് ആഗ്രഹിക്കുന്നത്?


activities
bird watching
trekking
paddling
boating

season
march- october

for room booking
GMVN Tourist bungalow,
Lansdowne
Tel: 01386-262509

ഭൂട്ടാന്‍: Land of the Peaceful Thunder Dragon


Capital- Thimphu
Area- 38,394 km2
Population- 683407 (2009)
Language- Dzongkha (national language), Nepali and English
Religion- Buddhism and Hinduism
Currency- Ngultrum (equal to Indian Rupee)




ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ രാജ്യമാണ് ഭൂട്ടാന്‍. കണ്ണെത്താത്ത ദൂരത്തോളം ഉയര്‍ന്നുയര്‍ന്ന് പോകുന്ന പര്‍വ്വത ശിഖരങ്ങള്‍, ബ്ലൂപൈന്‍ മരങ്ങള്‍ കൊണ്ടലങ്കരിച്ച ചരിവുകള്‍, കൂറ്റന്‍ ഹിമാനികള്‍ സമൃദ്ധമാക്കുന്ന ചെറുനദികള്‍, അങ്ങിങ്ങ് കാണുന്ന ജനവാസ മേഖലകള്‍. കാഴ്ചയില്‍ ഭൂട്ടാന്‍ ഇങ്ങനെയൊക്കെയാണ്. അതിനപ്പുറം സംസ്‌കാരത്തിന്റേയും വിശ്വാസത്തിന്റേയും കന്യാഭൂമിയാണ് ഭൂട്ടാന്‍. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട ഒരു ജൈവസംസ്‌കൃതിയുടെ ശേഷിപ്പുകള്‍ ഈ നാട് സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്നു.
യൂറോപ്യന്‍ ആധുനീകത അധികം സ്വാധീനം ചെലുത്താത്ത ലോകത്തെ അപൂര്‍വ്വം സംസ്‌കാരങ്ങളില്‍ ഒന്നാണ് ഭൂട്ടാന്റേത്. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പാര്‍പ്പിടനിര്‍മ്മാണത്തിലുമെല്ലാം സ്വന്തം രീതികള്‍ അവര്‍ നിലനിര്‍ത്തുന്നു. 1960 വരെ ഇതര രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകിടന്ന ഒരു തുരുത്തായിരുന്നു ഇത്. ഇന്ത്യയും തിബറ്റും ബ്രിട്ടീഷുകാര്‍ കൈയടക്കിയപ്പോഴും അവര്‍ക്ക് ഭൂട്ടാനിലേക്ക് എത്തിപ്പെടാനായില്ല. ദുര്‍ഘടമായ പര്‍വ്വതമേഖല എന്നതായിരുന്നു ബ്രിട്ടീഷുകാര്‍ നേരിട്ട വെല്ലുവിളി. വഴി സൗകര്യം തീരെയില്ലാതിരുന്ന കാലത്ത് പര്‍വ്വത മേഖലയില്‍ ഉപയോഗിക്കുന്ന യാക് എന്ന മൃഗത്തിന്റെ പുറത്തേറി ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇവിടം സന്ദര്‍ശിച്ചു. ഭൂട്ടാന്റെ നയതന്ത്ര ബന്ധങ്ങള്‍ ആരംഭിക്കുന്നത് ഇതുമുതലാണ്. എന്നിട്ടും വിദേശികള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഈ രാജ്യം ഏര്‍പ്പെടുത്തിയത്. 1974ല്‍ മാത്രമാണ് ടൂറിസ്റ്റുകള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിച്ചത്. ബുദ്ധസംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഈ നാട് സന്ദര്‍ശിക്കുന്നതിന് അപേക്ഷനല്‍കി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇന്ത്യാക്കാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് ഇന്നുമുള്ളത്.


ഒരു ദിവസം ഭൂട്ടാനില്‍ തങ്ങുന്നതിന് 200 അമേരിക്കന്‍ ഡോളര്‍ സര്‍ക്കാരില്‍ അടക്കുകയും വേണം. ഏകദേശം 9000-ത്തോളം രൂപ. എന്നാല്‍ ഇത്തരം നിബന്ധനകളില്‍ നിന്നെല്ലാം ഇന്ത്യാക്കാരെ ഭൂട്ടാന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്ക് പാസ്‌പോര്‍ട്ടും നിര്‍ബന്ധമല്ല. ഇലക്്ഷന്‍ ഐഡന്റിറ്റി കാര്‍ഡോ റേഷന്‍കാര്‍ഡോ ഉണ്ടായാലും മതി. കുറച്ച് യാത്രികര്‍ കൂടുതല്‍ വരുമാനം എന്നതാണ് ഭൂട്ടാന്‍ ടൂറിസത്തിന്റെ മുദ്രാവാക്യം. തങ്ങളുടെ സംസ്‌കാരത്തെ ടൂറിസം യാതൊരു തരത്തിലും ബാധിക്കരുത് എന്ന നിര്‍ബന്ധമാണ് യാത്രാ നിയന്ത്രണത്തിന്റെ പ്രധാന കാരണം.
ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്കുള്ള പരമ്പരാഗത പാതകളില്‍ ഒന്ന് ബംഗാളിലെ സിലിഗുഡിയില്‍ നിന്നാണ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവും എളുപ്പമുള്ള വഴിയും ഇതു തന്നെ. ചെലവുകുറഞ്ഞ വഴിയാണ് തേടുന്നതെങ്കില്‍ ഇതാണ് അഭികാമ്യം. കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഉള്ള വിമാന സര്‍വ്വീസുകള്‍ക്ക് അല്‍പ്പം ചെലവേറും. ഭൂട്ടാന്റെ ദേശീയ വിമാനക്കമ്പനിയായ ദ്രുക് എയര്‍ ആണ് രാജ്യത്തെ ഏക വിമാനത്താവളമായ പാറോ എയര്‍പോര്‍ട്ടിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നത്. ആകാശം മുട്ടി നില്‍ക്കുന്ന കൂറ്റന്‍ പര്‍വ്വതങ്ങല്‍ക്ക് നടുവിലായി പരന്നു കിടക്കുന്ന ഒരു ചെറിയ പ്രദേശത്താണ് പാറോ എയര്‍പ്പോര്‍ട്ട്.


ലോകത്തിലെ ഏറ്റവും അപകടകരമായ എയര്‍പ്പോര്‍ട്ടുകളില്‍ ഒന്ന്. ഇവിടുത്തെ ലാന്‍ഡിംഗും ടേക്ക് ഓഫും അവിസ്മരണീയമാണ്. വിമാനത്തിന്റെ ചിറകുകളില്‍ നിന്ന് ഇരുവശത്തുമുള്ള പര്‍വ്വതങ്ങളിലേക്ക് അധിക ദൂരമുണ്ടാവില്ല ലാന്‍ഡിംഗിലും ടേക്ക് ഓഫിലും. യാത്രികരെ അദ്ഭുതത്തിലേക്കും ഭീതിയിലേക്കും നയിക്കുന്ന സാഹസീക അനുഭവമാണ് ഇത്. പരിചയ സമ്പന്നരായ പൈലറ്റുമാര്‍ക്ക് മാത്രമേ ഇവിടെ വിമാനം പറത്തുന്നതിനുള്ള അനുമതി ലഭിക്കുകയുള്ളു. ഓരോ യാത്രയിലുമെന്ന പോലെ ഞങ്ങളുടെ യാത്രയിലും വിമാനം നിലംതൊട്ടപ്പോള്‍ അകത്ത് കരഘോഷമുയര്‍ന്നു. കോക്പിറ്റില്‍ നിന്നും ഇറങ്ങിവന്ന പൈലറ്റിനെ ചിലര്‍ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. പാറോയിലേക്കുള്ള ആകാശയാത്രയിലെ മറ്റൊരു സുന്ദരാനുഭവം, തൊട്ടടുത്ത് കാണാവുന്ന എവറസ്റ്റ് കൊടുമുടിയും കാഞ്ചന്‍ ജംഗയുമാണ്. ലോകത്തിലെ ഏറ്റവുമുര്‍ന്ന ഈ പര്‍വ്വതങ്ങള്‍ സദാ മഞ്ഞുമൂടി വെളുത്ത നിറമാര്‍ന്നു കിടക്കുന്നു.
പാറോയില്‍ നിന്ന് തലസ്ഥാന നഗരമായ തിംഭു-വിലേക്ക് 45 കിലോമീറ്ററോളം ദൂരമുണ്ട്. കൂറ്റന്‍ മലഞ്ചരിവിലൂടെ നേര്‍ത്ത വരപോലെ പോകുന്ന വീതികുറഞ്ഞ പാത. ഉറപ്പില്ലാത്ത ഹിമാലയന്‍ പര്‍വ്വതങ്ങള്‍ ഇടക്കിടെ ഇടിയുന്നതിനാല്‍ സാഹസീകമാണ് യാത്ര. ഭാഗ്യമുണ്ടെങ്കില്‍ മലയിടിച്ചില്‍ 'ലൈവ്' ആയി കാണാനും ഇവിടെ സാധിക്കുന്നു.
തിംഭു ഒരു ചെറുപട്ടണമാണ്. ഒരു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യ. വീതി കുറഞ്ഞതും മനോഹരവുമായ പാതകള്‍. എങ്ങും പൂക്കള്‍ വിടര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍. പരസ്യങ്ങള്‍ മലിനമാക്കാത്ത കമ്പോളങ്ങള്‍. കടകള്‍ക്ക്് മുന്നില്‍പ്പോലും ചെറിയ ബോര്‍ഡുകള്‍ മാത്രം. എല്ലാം ഒരേ നിറത്തില്‍, ഒരേ വലിപ്പമുള്ള അക്ഷരങ്ങളില്‍. വ്യാപാരസ്ഥാപനങ്ങളുടെ പേരെഴുതി വയ്്ക്കുന്ന ബോര്‍ഡുകളുടെ വലിപ്പം പോലും സര്‍ക്കാര്‍ നിശ്ചയിക്കുന്നു. ഭൂട്ടാനീസ് ആര്‍ക്കിടെക്ചറില്‍ രൂപകല്‍പ്പന ചെയ്യുന്ന കെട്ടിടങ്ങള്‍ക്കല്ലാതെ ഇവിടെ നിര്‍മ്മാണ അനുമതി ലഭിക്കുന്നില്ല. ഫഌയിംഗ് റൂഫുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക തരം മേല്‍ക്കൂരയാണ് ഇവയുടെ ആകര്‍ഷണം.


കേരളീയര്‍ക്ക് ഭൂട്ടാന്‍ എന്നാല്‍ വിവാദമായ ലോട്ടറി മാത്രമാണ്. എന്നാല്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവസാനിപ്പിച്ച ചെറിയ കാര്യമാണ് ഭൂട്ടാനികള്‍ക്ക് ലോട്ടറി. കൃഷിയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. ഹിമാലയന്‍ നദികളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യക്ക് വിറ്റും ഇവര്‍ വരുമാനം കണ്ടെത്തുന്നു.
ബുദ്ധസംസ്‌കാരത്തിന്റെ മുദ്രകള്‍ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നുണ്ട് ഭൂട്ടാനില്‍. 6 ലക്ഷം വരുന്ന ജനസംഖ്യയില്‍ മുപ്പതിനായിരത്തോളം പേര്‍ ബുദ്ധസന്യാസിമാര്‍. ഓരോ നഗരത്തിലും സന്യാസകേന്ദ്രങ്ങള്‍. 8-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ തക്‌സാങ്ങ് മൊണാസ്ട്രിയാണ് ഇതില്‍ പ്രസിദ്ധം. കാടിന് നടുവില്‍, ഒരു മലയുടെ ചരുവില്‍ പാറയില്‍ ഒട്ടിച്ചുവച്ചപോലെ ഒരു മനോഹര കെട്ടിടം. കാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നുവേണം ഇവിടെയെത്താന്‍. ഭൂട്ടാനിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനും ഇതാണ്.


ബുദ്ധമതത്തിന്റെ അഹിംസാ തത്വം രാജ്യം സ്വീകരിച്ചിരിക്കുന്നതിനാല്‍ മൃഗങ്ങളെ ഭൂട്ടാനില്‍ കശാപ്പുചെയ്യാറില്ല. പക്ഷേ ഭക്ഷണത്തില്‍ ഇറച്ചിയാണ് ഇവര്‍ക്ക് പ്രധാനം. സന്യാസിമാരും ഇറച്ചി തീറ്റക്കാര്‍ തന്നെ. ഇതിനായി ഇന്ത്യയില്‍ നിന്നും ഫ്രീസ് ചെയ്ത ഇറച്ചി ലോഡുകണക്കിന് ദിനവും ഇവിടേക്ക് എത്തിക്കുന്നു. വെണ്ണ ചീയും വരെ തുണിയില്‍ കെട്ടിവച്ച്, പൂഴു രൂപപ്പെട്ടു കഴിഞ്ഞാല്‍ ഉണക്കിയെടുത്ത് ഉണ്ടാക്കുന്ന 'യമതാച്ചി'യാണ് ഭൂട്ടാന്‍ വിഭവങ്ങളില്‍ വിശേഷപ്പെട്ടത്. ഉണങ്ങിയ പുഴുവിന്റെ സാന്നിധ്യം മറക്കാമെങ്കില്‍ അതിരുചികരമായ യമതാച്ചി എത്ര കഴിച്ചാലും മതിയാകില്ല. ഭക്ഷണത്തോടൊപ്പമുള്ള മദ്യത്തിന്റെ സാന്നിധ്യമാണ് ഭൂട്ടാനി ജീവിതത്തിന്റെ മറ്റൊരു സവിശേഷത. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും മദ്യം കഴിക്കുന്നു ഇവിടെ. പ്രണയവും സെക്‌സും സ്വാഭാവിക സാമൂഹിക കാര്യങ്ങള്‍ മാത്രം. അടുത്തകാലത്താണ് ഇവിടെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയത്. മുന്‍പ് ഇഷ്ടമുള്ളവര്‍ ഒരുമിച്ച് താമസിക്കുന്ന സമ്പ്രദായമായിരുന്നു. എന്നിട്ടും കുടുംബഘടന ശിഥിലമൊന്നുമല്ല ഇവിടെ.
ദേഹത്ത് ചുറ്റിക്കെട്ടിവക്കുന്ന തരം ഖോ എന്ന പരമ്പരാഗത വസ്ത്രമാണ് പുരുഷന്‍മാരുടെ വേഷം. ഇതിന് മുട്ടുവരെ മാത്രമേ ഇറക്കമുള്ളു. കാല്‍പ്പാദം വരെ നീളുന്ന കിര ആണ് സ്ത്രീകള്‍ ധരിക്കുന്നത്. ജപ്പാന്‍കാര്‍ ഉപയോഗിക്കുന്ന കിമോണ എന്ന വസ്ത്രത്തോട് സാമ്യമുണ്ട് ഇതിന്. പരമ്പരാഗത വേഷമണിഞ്ഞല്ലാതെ ഔദ്യോഗിക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഭൂട്ടാനികള്‍ക്ക് പ്രവേശനമില്ല. വിദേശികള്‍ ഫോര്‍മല്‍ വസ്ത്രങ്ങള്‍ ധരിച്ചുവേണം ഔദേ ്യാഗിക ചടങ്ങുകളിലും മറ്റും പങ്കെടുക്കാന്‍. ടീ ഷര്‍ട്ടും ജീന്‍സുമൊക്കെയിട്ട് ഇവിടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്ത് പിഴയീടാക്കും എന്നതായിരിക്കും ഫലം.
യാത്രാ സംവിധാനങ്ങള്‍ വിചിത്രമാണ് ഭൂട്ടാനില്‍. നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ചെറു ബസുകള്‍ ആണ് ആകെയുള്ള പൊതു ഗതാഗത സംവിധാനം. റെസിഡന്‍സ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക്് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകണമെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ അനുമതി ആവശ്യമാണ്. പിന്നെ ബസില്‍ സീറ്റ് ബുക്ക് ചെയ്യണം. ഇരുന്നുള്ള യാത്ര മാത്രമേ ബസില്‍ അനുവദിക്കൂ. അപകടകരമായ റോഡുകള്‍ ആയതിനാല്‍ പകല്‍ മാത്രമാണ് സഞ്ചാരം. ഇത്തരം കാരണങ്ങളാല്‍ തലേ ദിവസം ബുക്ക് ചെയ്താല്‍ മാത്രമേ മിക്കവാറും സീറ്റുകള്‍ ലഭിക്കാനിടയുള്ളു.


രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിലെ ഭൂട്ടാന്‍ മാതൃക ഇന്ന് ലോകപ്രസിദ്ധമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ എല്ലാം വികസനത്തിന്റെ മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത് ജി.ഡി.പി. (gross domestic productivity) എന്ന ശരാശരി ഉല്‍പ്പാദനക്ഷമതയാണ്. ഭൂട്ടാന്‍ ഇത് മാറ്റി ജി.എന്‍.എച്ച് (gross national happiness) അഥവാ ആളോഹരി സന്തോഷം എന്നത് വികസന മാനദണ്ഡമാക്കിയിരിക്കുന്നു. രാജ്യത്തെ ഓരോ പൗരനും സന്തോഷകരമായ ജീവിതമാണോ നയിക്കുന്നത് എന്ന് ഓരോ വര്‍ഷവും വര്‍വ്വേ നടത്തി പരിശോധിക്കുന്നു. 40 ഓളം ബുദ്ധതത്വങ്ങളില്‍ അധിഷ്ടിതമാണ് ഈ സര്‍വ്വേ. യു.എനില്‍ ഉള്‍പ്പെടെ സവിശേഷമായ ശ്രദ്ധ നേടിയിട്ടുണ്ട് ഈ വികസന നിലപാട്.

For information-

Tourism Council of Bhutan
Post Box 126
Thimphu, Bhutan
Tel: +975-2-323251, +975-2-323252
Fax: +975-2-323695.
Email : info@tourism.gov.bt
Web: http://www.tourism.gov.bt