Capital- Thimphu
Area- 38,394 km2
Population- 683407 (2009)
Language- Dzongkha (national language), Nepali and English
Religion- Buddhism and Hinduism
Currency- Ngultrum (equal to Indian Rupee)
ഹിമാലയത്തിന്റെ തെക്കന്‍ ചെരുവില്‍ ഇന്ത്യക്കും തിബറ്റിനും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ രാജ്യമാണ് ഭൂട്ടാന്. കണ്ണെത്താത്ത ദൂരത്തോളം ഉയര്‍ന്നുയര്‍ന്ന് പോകുന്ന പര്‍വ്വത ശിഖരങ്ങള്‍, ബ്ലൂപൈന്‍ മരങ്ങള്‍ കൊണ്ടലങ്കരിച്ച ചരിവുകള്‍, കൂറ്റന്‍ ഹിമാനികള്‍ സമൃദ്ധമാക്കുന്ന ചെറുനദികള്‍, അങ്ങിങ്ങ് കാണുന്ന ജനവാസ മേഖലകള്‍. കാഴ്ചയില്‍ ഭൂട്ടാന് ഇങ്ങനെയൊക്കെയാണ്. അതിനപ്പുറം സംസ്കാരത്തിന്റേയും വിശ്വാസത്തിന്റേയും കന്യാഭൂമിയാണ് ഭൂട്ടാന്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട ഒരു ജൈവസംസ്കൃതിയുടെ ശേഷിപ്പുകള്‍ ഈ നാട് സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്നു.
യൂറോപ്യന്‍ ആധുനീകത അധികം സ്വാധീനം ചെലുത്താത്ത ലോകത്തെ അപൂര്‍വ്വം സംസ്കാരങ്ങളില്‍ ഒന്നാണ് ഭൂട്ടാന്റേത്. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പാര്പ്പിടനിര്മ്മാണത്തിലുമെല്ലാം സ്വന്തം രീതികള്‍ അവര്‍ നിലനിര്‍ത്തുന്നു. 1960 വരെ ഇതര രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകിടന്ന ഒരു തുരുത്തായിരുന്നു ഇത്. ഇന്ത്യയും തിബറ്റും ബ്രിട്ടീഷുകാര്‍ കൈയടക്കിയപ്പോഴും അവര്‍ക്ക് ഭൂട്ടാനിലേക്ക് എത്തിപ്പെടാനായില്ല. ദുര്‍ഘടമായ പര്‍വ്വതമേഖല എന്നതായിരുന്നു ബ്രിട്ടീഷുകാര്‍ നേരിട്ട വെല്ലുവിളി. വഴി സൗകര്യം തീരെയില്ലാതിരുന്ന കാലത്ത് പര്‍വ്വത മേഖലയില്‍ ഉപയോഗിക്കുന്ന യാക് എന്ന മൃഗത്തിന്റെ പുറത്തേറി ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇവിടം സന്ദര്‍ശിച്ചു. ഭൂട്ടാന്റെ നയതന്ത്ര ബന്ധങ്ങള്‍ ആരംഭിക്കുന്നത് ഇതുമുതലാണ്. എന്നിട്ടും വിദേശികള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഈ രാജ്യം ഏര്‍പ്പെടുത്തിയത്. 1974ല്‍ മാത്രമാണ് ടൂറിസ്റ്റുകള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിച്ചത്. ബുദ്ധസംസ്കാരത്തിന്റെ ഈറ്റില്ലമായ ഈ നാട് സന്ദര്‍ശിക്കുന്നതിന് അപേക്ഷനല്‍കി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇന്ത്യാക്കാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് ഇന്നുമുള്ളത്.

ഒരു ദിവസം ഭൂട്ടാനില്‍ തങ്ങുന്നതിന് 200 അമേരിക്കന്‍ ഡോളര്‍ സര്‍ക്കാരില്‍ അടക്കുകയും വേണം. ഏകദേശം 9000-ത്തോളം രൂപ. എന്നാല്‍ ഇത്തരം നിബന്ധനകളില്‍ നിന്നെല്ലാം ഇന്ത്യാക്കാരെ ഭൂട്ടാന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്ക് പാസ്പോര്‍ട്ടും നിര്‍ബന്ധമല്ല. ഇലക്്ഷന് ഐഡന്റിറ്റി കാര്‍ഡോ റേഷന്‍കാര്‍ഡോ ഉണ്ടായാലും മതി. കുറച്ച് യാത്രികര്‍ കൂടുതല്‍ വരുമാനം എന്നതാണ് ഭൂട്ടാന് ടൂറിസത്തിന്റെ മുദ്രാവാക്യം. തങ്ങളുടെ സംസ്കാരത്തെ ടൂറിസം യാതൊരു തരത്തിലും ബാധിക്കരുത് എന്ന നിര്‍ബന്ധമാണ് യാത്രാ നിയന്ത്രണത്തിന്റെ പ്രധാന കാരണം.
ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്കുള്ള പരമ്പരാഗത പാതകളില്‍ ഒന്ന് ബംഗാളിലെ സിലിഗുഡിയില്‍ നിന്നാണ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവും എളുപ്പമുള്ള വഴിയും ഇതു തന്നെ. ചെലവുകുറഞ്ഞ വഴിയാണ് തേടുന്നതെങ്കില്‍ ഇതാണ് അഭികാമ്യം. കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഉള്ള വിമാന സര്‍വ്വീസുകള്‍ക്ക് അല്‍പ്പം ചെലവേറും. ഭൂട്ടാന്റെ ദേശീയ വിമാനക്കമ്പനിയായ ദ്രുക് എയര്‍ ആണ് രാജ്യത്തെ ഏക വിമാനത്താവളമായ പാറോ എയര്‍പോര്‍ട്ടിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നത്. ആകാശം മുട്ടി നില്ക്കുന്ന കൂറ്റന്‍ പര്വ്വതങ്ങല്ക്ക് നടുവിലായി പരന്നു കിടക്കുന്ന ഒരു ചെറിയ പ്രദേശത്താണ് പാറോ എയര്‍പ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും അപകടകരമായ എയര്‍പ്പോര്‍ട്ടുകളില്‍ ഒന്ന്. ഇവിടുത്തെ ലാന്‍ഡിംഗും ടേക്ക് ഓഫും അവിസ്മരണീയമാണ്. വിമാനത്തിന്റെ ചിറകുകളില്‍ നിന്ന് ഇരുവശത്തുമുള്ള പര്‍വ്വതങ്ങളിലേക്ക് അധിക ദൂരമുണ്ടാവില്ല ലാന്‍ഡിംഗിലും ടേക്ക് ഓഫിലും. യാത്രികരെ അദ്ഭുതത്തിലേക്കും ഭീതിയിലേക്കും നയിക്കുന്ന സാഹസീക അനുഭവമാണ് ഇത്. പരിചയ സമ്പന്നരായ പൈലറ്റുമാര്‍ക്ക് മാത്രമേ ഇവിടെ വിമാനം പറത്തുന്നതിനുള്ള അനുമതി ലഭിക്കുകയുള്ളു. ഓരോ യാത്രയിലുമെന്ന പോലെ ഞങ്ങളുടെ യാത്രയിലും വിമാനം നിലംതൊട്ടപ്പോള്‍ അകത്ത് കരഘോഷമുയര്‍ന്നു. കോക്പിറ്റില്‍ നിന്നും ഇറങ്ങിവന്ന പൈലറ്റിനെ ചിലര്‍ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. പാറോയിലേക്കുള്ള ആകാശയാത്രയിലെ മറ്റൊരു സുന്ദരാനുഭവം, തൊട്ടടുത്ത് കാണാവുന്ന എവറസ്റ്റ് കൊടുമുടിയും കാഞ്ചന് ജംഗയുമാണ്. ലോകത്തിലെ ഏറ്റവുമുര്‍ന്ന ഈ പര്‍വ്വതങ്ങള്‍ സദാ മഞ്ഞുമൂടി വെളുത്ത നിറമാര്‍ന്നു കിടക്കുന്നു.
പാറോയില്‍ നിന്ന് തലസ്ഥാന നഗരമായ തിംഭു-വിലേക്ക് 45 കിലോമീറ്ററോളം ദൂരമുണ്ട്. കൂറ്റന്‍ മലഞ്ചരിവിലൂടെ നേര്‍ത്ത വരപോലെ പോകുന്ന വീതികുറഞ്ഞ പാത. ഉറപ്പില്ലാത്ത ഹിമാലയന്‍ പര്‍വ്വതങ്ങള്‍ ഇടക്കിടെ ഇടിയുന്നതിനാല്‍ സാഹസീകമാണ് യാത്ര. ഭാഗ്യമുണ്ടെങ്കില്‍ മലയിടിച്ചില്‍ 'ലൈവ്' ആയി കാണാനും ഇവിടെ സാധിക്കുന്നു.
തിംഭു ഒരു ചെറുപട്ടണമാണ്. ഒരു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യ. വീതി കുറഞ്ഞതും മനോഹരവുമായ പാതകള്‍. എങ്ങും പൂക്കള്‍ വിടര്‍ത്തി നില്ക്കുന്ന മരങ്ങള്‍. പരസ്യങ്ങള്‍ മലിനമാക്കാത്ത കമ്പോളങ്ങള്‍. കടകള്ക്ക്് മുന്നില്‍പ്പോലും ചെറിയ ബോര്‍ഡുകള്‍ മാത്രം. എല്ലാം ഒരേ നിറത്തില്‍, ഒരേ വലിപ്പമുള്ള അക്ഷരങ്ങളില്‍. വ്യാപാരസ്ഥാപനങ്ങളുടെ പേരെഴുതി വയ്്ക്കുന്ന ബോര്‍ഡുകളുടെ വലിപ്പം പോലും സര്‍ക്കാര്‍ നിശ്ചയിക്കുന്നു. ഭൂട്ടാനീസ് ആര്‍ക്കിടെക്ചറില്‍ രൂപകല്‍പ്പന ചെയ്യുന്ന കെട്ടിടങ്ങള്ക്കല്ലാതെ ഇവിടെ നിര്‍മ്മാണ അനുമതി ലഭിക്കുന്നില്ല. ഫഌയിംഗ് റൂഫുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക തരം മേല്‍ക്കൂരയാണ് ഇവയുടെ ആകര്‍ഷണം.
കേരളീയര്‍ക്ക് ഭൂട്ടാന് എന്നാല്‍ വിവാദമായ ലോട്ടറി മാത്രമാണ്. എന്നാല്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവസാനിപ്പിച്ച ചെറിയ കാര്യമാണ് ഭൂട്ടാനികള്‍ക്ക് ലോട്ടറി. കൃഷിയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. ഹിമാലയന്‍ നദികളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യക്ക് വിറ്റും ഇവര്‍ വരുമാനം കണ്ടെത്തുന്നു.
ബുദ്ധസംസ്കാരത്തിന്റെ മുദ്രകള്‍ എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നുണ്ട് ഭൂട്ടാനില്‍. 6 ലക്ഷം വരുന്ന ജനസംഖ്യയില്‍ മുപ്പതിനായിരത്തോളം പേര് ബുദ്ധസന്യാസിമാര്‍. ഓരോ നഗരത്തിലും സന്യാസകേന്ദ്രങ്ങള്‍. 8-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ തക്സാങ്ങ് മൊണാസ്ട്രിയാണ് ഇതില്‍ പ്രസിദ്ധം. കാടിന് നടുവില്‍, ഒരു മലയുടെ ചരുവില്‍ പാറയില്‍ ഒട്ടിച്ചുവച്ചപോലെ ഒരു മനോഹര കെട്ടിടം. കാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നുവേണം ഇവിടെയെത്താന്‍. ഭൂട്ടാനിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനും ഇതാണ്.

ബുദ്ധമതത്തിന്റെ അഹിംസാ തത്വം രാജ്യം സ്വീകരിച്ചിരിക്കുന്നതിനാല്‍ മൃഗങ്ങളെ ഭൂട്ടാനില്‍ കശാപ്പുചെയ്യാറില്ല. പക്ഷേ ഭക്ഷണത്തില്‍ ഇറച്ചിയാണ് ഇവര്‍ക്ക് പ്രധാനം. സന്യാസിമാരും ഇറച്ചി തീറ്റക്കാര് തന്നെ. ഇതിനായി ഇന്ത്യയില്‍ നിന്നും ഫ്രീസ് ചെയ്ത ഇറച്ചി ലോഡുകണക്കിന് ദിനവും ഇവിടേക്ക് എത്തിക്കുന്നു. വെണ്ണ ചീയും വരെ തുണിയില്‍ കെട്ടിവച്ച്, പൂഴു രൂപപ്പെട്ടു കഴിഞ്ഞാല്‍ ഉണക്കിയെടുത്ത് ഉണ്ടാക്കുന്ന 'യമതാച്ചി'യാണ് ഭൂട്ടാന് വിഭവങ്ങളില്‍ വിശേഷപ്പെട്ടത്. ഉണങ്ങിയ പുഴുവിന്റെ സാന്നിധ്യം മറക്കാമെങ്കില്‍ അതിരുചികരമായ യമതാച്ചി എത്ര കഴിച്ചാലും മതിയാകില്ല. ഭക്ഷണത്തോടൊപ്പമുള്ള മദ്യത്തിന്റെ സാന്നിധ്യമാണ് ഭൂട്ടാനി ജീവിതത്തിന്റെ മറ്റൊരു സവിശേഷത. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും മദ്യം കഴിക്കുന്നു ഇവിടെ. പ്രണയവും സെക്സും സ്വാഭാവിക സാമൂഹിക കാര്യങ്ങള്‍ മാത്രം. അടുത്തകാലത്താണ് ഇവിടെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയത്. മുന്‍പ് ഇഷ്ടമുള്ളവര്‍ ഒരുമിച്ച് താമസിക്കുന്ന സമ്പ്രദായമായിരുന്നു. എന്നിട്ടും കുടുംബഘടന ശിഥിലമൊന്നുമല്ല ഇവിടെ.
ദേഹത്ത് ചുറ്റിക്കെട്ടിവക്കുന്ന തരം ഖോ എന്ന പരമ്പരാഗത വസ്ത്രമാണ് പുരുഷന്മാരുടെ വേഷം. ഇതിന് മുട്ടുവരെ മാത്രമേ ഇറക്കമുള്ളു. കാല്‍പ്പാദം വരെ നീളുന്ന കിര ആണ് സ്ത്രീകള്‍ ധരിക്കുന്നത്. ജപ്പാന്‍കാര്‍ ഉപയോഗിക്കുന്ന കിമോണ എന്ന വസ്ത്രത്തോട് സാമ്യമുണ്ട് ഇതിന്. പരമ്പരാഗത വേഷമണിഞ്ഞല്ലാതെ ഔദ്യോഗിക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഭൂട്ടാനികള്‍ക്ക് പ്രവേശനമില്ല. വിദേശികള്‍ ഫോര്‍മല്‍ വസ്ത്രങ്ങള്‍ ധരിച്ചുവേണം ഔദേ ്യാഗിക ചടങ്ങുകളിലും മറ്റും പങ്കെടുക്കാന്‍. ടീ ഷര്‍ട്ടും ജീന്‍സുമൊക്കെയിട്ട് ഇവിടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്ത് പിഴയീടാക്കും എന്നതായിരിക്കും ഫലം.
യാത്രാ സംവിധാനങ്ങള്‍ വിചിത്രമാണ് ഭൂട്ടാനില്‍. നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ചെറു ബസുകള്‍ ആണ് ആകെയുള്ള പൊതു ഗതാഗത സംവിധാനം. റെസിഡന്‍സ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക്് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകണമെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ അനുമതി ആവശ്യമാണ്. പിന്നെ ബസില്‍ സീറ്റ് ബുക്ക് ചെയ്യണം. ഇരുന്നുള്ള യാത്ര മാത്രമേ ബസില്‍ അനുവദിക്കൂ. അപകടകരമായ റോഡുകള്‍ ആയതിനാല്‍ പകല്‍ മാത്രമാണ് സഞ്ചാരം. ഇത്തരം കാരണങ്ങളാല്‍ തലേ ദിവസം ബുക്ക് ചെയ്താല്‍ മാത്രമേ മിക്കവാറും സീറ്റുകള്‍ ലഭിക്കാനിടയുള്ളു.

രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിലെ ഭൂട്ടാന് മാതൃക ഇന്ന് ലോകപ്രസിദ്ധമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ എല്ലാം വികസനത്തിന്റെ മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത് ജി.ഡി.പി. (gross domestic productivity) എന്ന ശരാശരി ഉല്‍പ്പാദനക്ഷമതയാണ്. ഭൂട്ടാന് ഇത് മാറ്റി ജി.എന്‍.എച്ച് (gross national happiness) അഥവാ ആളോഹരി സന്തോഷം എന്നത് വികസന മാനദണ്ഡമാക്കിയിരിക്കുന്നു. രാജ്യത്തെ ഓരോ പൗരനും സന്തോഷകരമായ ജീവിതമാണോ നയിക്കുന്നത് എന്ന് ഓരോ വര്‍ഷവും വര്വ്വേ നടത്തി പരിശോധിക്കുന്നു. 40 ഓളം ബുദ്ധതത്വങ്ങളില്‍ അധിഷ്ടിതമാണ് ഈ സര്‍വ്വേ. യു.എനില്‍ ഉള്‍പ്പെടെ സവിശേഷമായ ശ്രദ്ധ നേടിയിട്ടുണ്ട് ഈ വികസന നിലപാട്.
For information-
Tourism Council of Bhutan
Post Box 126
Thimphu, Bhutan
Tel: +975-2-323251, +975-2-323252
Fax: +975-2-323695.
Email : info@tourism.gov.bt
Web: http://www.tourism.gov.bt