December 28, 2009

പ്രളയനഗരം



ഒരു മഴപെയ്യുന്ന മധ്യാഹ്നത്തിലാണ്‌ കൊല്‍ക്കത്തയില്‍ തീവണ്‌ടിയിറങ്ങിയത്‌. ദീര്‍ഘനേരമായി ചാറിപ്പെയ്യുന്ന മഴയില്‍ നഗരം കുതിര്‍ന്ന്‌ നില്‍ക്കുന്നു. തീവണ്‌ടി ഹൗറയില്‍ എത്തുന്നതിന്‌ മുമ്പ്‌ നാട്ടുമരങ്ങള്‍ ഇരുവശവും നിറഞ്ഞ പാതയിലൂടെയാണ്‌ യാത്ര. നഗരത്തില്‍നിന്നും ഒരുവിളിപ്പാടകലെ പോലും ഗ്രാമസൗന്ദര്യം തുളുമ്പുന്ന കാഴ്‌ചകള്‍. കൊല്‍ക്കത്തയുടെ സബര്‍ബുകള്‍ ജനസാന്ദ്രതയേറിയതായിരിക്കെത്തന്നെ ഗ്രാമീണ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നു. മാവും പ്ലാവും വാഴയുമൊക്കെ ഇടതിങ്ങിവളരുന്ന തൊടികള്‍ കേരളത്തിന്‌ സമാനമായ അന്തരീക്ഷമാണ്‌ സൃഷ്‌ടിക്കുന്നത്‌. മഴകൂടിയാകുമ്പോള്‍ കേരളത്തില്‍ തിരിച്ചെത്തിയ പ്രതീതി. ആന്ധ്രയിലേയും ഒറീസയിലേയും വരണ്‌ട പാടങ്ങള്‍ പിന്നിട്ട്‌ പച്ചപ്പാര്‍ന്ന വഴികളിലൂടെയുള്ള യാത്രയാണ്‌ ഹൗറയില്‍ അവസാനിക്കുന്നത്‌.
ഒരുകാലത്ത്‌ കേരളത്തില്‍നിന്നും തൊഴില്‍തേടിയെത്തുന്നവരുടെ പറുദീസയായിരുന്നു കൊല്‍ക്കത്ത. വ്യവസായ വാണിജ്യരംഗത്ത്‌ ഈ നഗരം ഇന്ത്യയില്‍ത്തന്നെ ഒന്നാമതായിരുന്ന ആ കാലം എന്നേ അസ്‌തമിച്ചിരിക്കുന്നു. ഭൂതകാലത്തിലെവിടെയോ നിശ്ചലമായിപ്പോയ ഒരിടത്തേയ്‌ക്ക്‌ എത്തിയതു പോലെ. ഇരുമ്പു തൂണുകള്കൊണ്ട് തീര്‍ത്ത ഹൗറയിലെ വലിയ പ്ലാറ്റ്‌ഫോമില്‍
തീവണ്‌ടി ഓട്ടം അവസാനിപ്പിച്ചു. കച്ചവടക്കാര്‍ക്കും ചുമട്ടുകാര്‍ക്കും തിരക്കിട്ടുപായുന്ന യാത്രികര്‍ക്കും ഇടയിലൂടെ ഞെരുങ്ങിയാണ്‌ സ്റ്റേഷന്‌ പുറത്തെത്തിയത്‌. കേരളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക്‌ കൊടുക്കുന്ന വാടക പോലും വേണ്‌ട ഇവിടുത്തെ മഞ്ഞനിറം പൂശിയ അമ്പാസിഡര്‍ ടാക്‌സി കാറുകള്‍ക്ക്‌. ഹോട്ടലിലേയ്‌ക്കുള്ള യാത്രയില്‍ ഓരോ വഴിയും വിചിത്രമായ കാഴ്‌ചകളാണ്‌ സമ്മാനിച്ചത്‌. ഇടുങ്ങിയ തെരുവുകളാണെങ്ങും. നവീകരിക്കാത്തതിനാല്‍ പഴഞ്ചന്‍ കോട്ടകള്‍പോലെ തലയുയര്‍ത്തിനില്‍ക്കുന്ന വ്യാപാരസമുച്ചയങ്ങള്‍, ഇടയില്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ അസ്‌ഥികൂടങ്ങള്‍, തെരുവ്‌ നിറഞ്ഞൊഴുകുന്ന ജനക്കൂട്ടം. മഴനനഞ്ഞ്‌ ജഡ്‌ക്ക വലിക്കുന്ന നഗ്നപാദരായ വൃദ്ധന്‍മാര്‍. പഴയ ബ്രിട്ടീഷ്‌ പാരമ്പര്യത്തിന്റെ ഭാണ്‌ഡവും പേറി കിതച്ചിഴയുന്ന ട്രാമുകള്‍. മണിക്കൂറില്‍ ഇരുപത്‌ കിലോമീറ്ററിലധികം വേഗതയില്‍ പോകാത്ത, വൈദ്യുതികൊ്‌ പ്രവര്‍ത്തിക്കുന്ന ട്രാമുകളുടെ താളമാണ്‌ കൊല്‍ക്കത്തക്ക്‌. പ്രധാന റോഡുകള്‍ക്ക്‌ കുറുകെപ്പോലും ട്രാം ട്രാക്കുകള്‍ കാണാം. ഇടക്ക്‌ വൈദ്യുതി നിലച്ചാല്‍ ഇവ റോഡില്‍ കുടുങ്ങുന്നു. അതോടെ നഗരം ഒന്നാകെ സ്‌തംഭിച്ചുപോകുന്നു. ഒരു ടൈം മെഷീനില്‍ കയറി പിറകോട്ട്‌ സഞ്ചരിച്ചതുപോലെ ഇടുങ്ങിയ വഴികളിലൂടെയാണ്‌ ഹോട്ടലിലെത്തിപ്പെട്ടത്‌.
മധ്യ കൊല്‍ക്കത്തയിലെ ദേശ്‌പ്രിയ പാര്‍ക്കിലെ ഒരു പുരാതന ഹോട്ടലിലായിരുന്നു താമസം. സമ്പന്നരുടെ കോളനികളാണ്‌ ചുറ്റും. വീടുകള്‍ തിങ്ങിയ പ്രദേശത്തെ ഒരു വലിയ കെട്ടിടം.
നൂറ്റാണ്ടുകള് പഴക്കമുള്ള ഇടനാഴിയിലൂടെ നടന്ന്‌ കോവണി കയറി മുറിയിലെത്തി. സാമാന്യം വിസ്‌താരമുള്ള മുറി. കരകര ശബ്‌ദത്തില്‍ തുറക്കുന്ന ജനാലകള്‍ പ്രാചീനമായ ഭയത്തിന്റെ ഓര്‍മ്മകളെ വിളിച്ചുണര്‍ത്തും. മുറിയുടെ ഒത്ത മധ്യത്തില്‍ വലിയൊരു കട്ടില്‍. ജനാലക്കരുകില്‍ പഴയ മരത്തിന്റെ ഒരു മേശ. ആളിരുന്നാല്‍ ഇളകി വീണേക്കാവുന്ന മരക്കസേര. ഒരു കൂജയും മണ്‍ഗ്ലാസും. ഈ പഴമയ്‌ക്ക്‌ ഒട്ടും ചേരാത്തവിധം ഒരു ടെലിവിഷന്‍ ആ മുറിയില്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞു, മുറിയിലെ ആഡംബരം. കൊണ്‌ടുവന്ന ഭാണ്ഡങ്ങള്‍ കട്ടിലില്‍ ഉപേക്ഷിച്ച്‌, ക്യാമറയും എടുത്ത്‌ ഞാന്‍ നടക്കാനിറങ്ങി. റിസപ്‌ഷനില്‍ വച്ച്‌ ഹോട്ടല്‍ മാനേജര്‍ ഉപദേശിച്ചു
``ന്യൂനമര്‍ദ്ദമാണ്‌ സാര്‍ അധികം ദൂരേക്കൊന്നും ഒറ്റയ്‌ക്ക്‌ പോകരുത്‌.''
എന്റെ ശ്രദ്ധയോടെയുള്ള നോട്ടം കിട്ടാവണം അയാള്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയായി അത്‌ വിശദീകരിക്കാന്‍ ശ്രമിച്ചു. ശരിയെന്നു തലയാട്ടി ഞാന്‍ പുറത്തേക്കിങ്ങി. മഴ അപ്പോഴും തോര്‍ന്നിരുന്നില്ല. റൂം ബോയ്‌ സംഘടിപ്പിച്ചുതന്ന കുടയും ചൂടി ഞാന്‍ തെരുവിലൂടെ നടന്നു. നടവഴികള്‍ തടഞ്ഞുനിന്ന്‌ പാനിപൂരി വില്‍ക്കുന്നവര്‍ക്കിടയിലൂടെയായിരുന്നു നടത്തം. തിരിച്ചെത്തുമ്പോഴേക്കും മഴ കനത്തിരുന്നു. അങ്ങിങ്ങ്‌ റോഡുകളില്‍ ചെറിയ വെള്ളക്കെട്ടുകള്‍ രൂപംകൊള്ളുന്നു്‌. ഹോട്ടല്‍ കവാടത്തില്‍ നിന്നിരുന്ന മാനേജര്‍ പറഞ്ഞു.
``മഴ കൂടുതല്‍ ശക്തമാകുമെന്നാണ്‌ വാര്‍ത്ത.''
അതില്‍ തനിക്ക്‌ പ്രശ്‌നമൊന്നുമില്ലല്ലോ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ചിരിച്ചു.
``നാളെ രാവിലത്തേയ്‌ക്ക്‌ ടാക്‌സി ഏര്‍പ്പാട്‌ ചെയ്‌തിട്ടു്‌.'' അയാള്‍ വീണ്ടൂം പറഞ്ഞു. ഞാന്‍ മുറിയിലേക്ക്‌ നടന്നു.
മൂന്നുദിവസം നീണ്ടയാത്രയുടെയും ലഹരിനിറഞ്ഞരാത്രിയുടെയും ക്ഷീണത്തില്‍ പിറ്റേന്ന്‌ വൈകിയാണ്‌ ഉണര്‍ന്നത്‌. ചുറ്റിക്കറങ്ങാനുള്ള ആവേശത്തില്‍ വേഗം ഒരുങ്ങി, താഴേക്ക്‌ പോകാനായി ലിഫ്‌റ്റിനടുത്തെത്തി. ലിഫ്‌റ്റ്‌ പ്രവര്ത്തിക്കുന്നുണ്ടായിരുന്നില്ല. പഴഞ്ചന്‍ ലിഫ്‌റ്റിനെയും ഹോട്ടലുകാരെയും ശപിച്ചുകൊ്ണ്ട് കോവണിയിറങ്ങുകയായിരുന്നു ഞാന്‍. രാണ്ടാം നിലയിലെത്തിയപ്പോഴാണ്‌ കാണുന്നത്‌, താഴത്തേ നില വെള്ളം കയറിയ നിലയിലായിരുന്നു. അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. വെള്ളത്തിന്‌ തൊട്ടടുത്തുവരെ ഇറങ്ങിച്ചെന്ന ഞാന്‍ ഉറക്കെ വിളിച്ചു.
``ആരുമില്ലേ...'' ഹോട്ടല്‍ ലോബിയില്‍നിന്നാവണം ഒരു മറുകൂക്കല്‍. അരക്കൊപ്പം വെള്ളത്തില്‍ നിന്തി ഒരു റൂം ബോയ്‌ വന്നു.
``വെള്ളം പൊങ്ങിയിരിക്കുകയാണ്‌ സാര്‍... എങ്ങും പോകാനാവില്ല.''


അപ്പോഴേക്കും ഹോട്ടല്‍ മാനേജരുമെത്തി. അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രാത്രിയിലെ കനത്ത മഴയില്‍ കൊല്‍ക്കത്തയുടെ മിക്കവാറും എല്ലാ പ്രദേശങ്ങളും വെള്ളത്തിലായിരിക്കുന്നു. വാഹനങ്ങളും ട്രാമുകളും ഓടുന്നില്ല. ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
``മുറിയിലേക്ക്‌ പൊയ്‌ക്കോളൂ. ഭക്ഷണം അവിടെ എത്തിക്കാം.''. അയാള്‍ പറഞ്ഞു. തിരിച്ചു നടന്നപ്പോള്‍ ഞാന്‍ വിചാരിച്ചില്ല, വരുന്ന മൂന്നു ദിവസത്തേയ്‌ക്ക്‌ പുറത്തിറങ്ങാനാവാത്തവിധം തടവിലാക്കുന്ന പ്രതിസന്ധിയുടെ തുടക്കമായിരുന്നു അതെന്ന്‌.
ഉച്ചയോടെ മഴ വീണ്ടും ശക്തമായി. ഇതിനിടെ അഞ്ചുനിലകളുള്ള ഹോട്ടലിന്റെ ടെറസിസേക്കുള്ള വാതില്‍ ആരോ തുറന്നിരുന്നു. എന്താണ്‌ പുറത്ത്‌ സംഭവിക്കുന്നതെന്ന ആകാംക്ഷയില്‍ ഞാനും അവിടേയ്‌ക്ക്‌ ചെന്നു. ഹോട്ടല്‍ ജീവനക്കാരും അന്തേവാസികളും ഉള്‍പ്പെടെ കുറച്ചുപേര്‍ അവിടെ കൂടിനില്‍പ്പുായിരുന്നു. താരതമ്യേന ഉയരമുള്ള ആ കെട്ടിടത്തിന്റെ മുകളില്‍ നിന്നാല്‍ നല്ലൊരുപ്രദേശം തന്നെ കാണാനാവും. എങ്ങും വെള്ളം നിറഞ്ഞുകിടക്കുന്നു. നിരത്തുകളെല്ലാം ജലാശയങ്ങള്‍പോലെ. ആരേയും പുറത്ത്‌ കാണുന്നില്ല. അങ്ങിങ്ങ്‌ ചില വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്‌ കാണാമായിരുന്നു.
``വെള്ളം ഇപ്പോഴും ഉയരുകയാണ്‌...'' കൂടിനിന്നവരില്‍ ആരോ പറഞ്ഞു. ഞാന്‍ മുറിയിലേയ്‌ക്ക്‌ തിരിച്ചുപോന്നു. ടോലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ മാത്രം. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍. ഒഴുകിനടക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ മൃതശരീരങ്ങള്‍. ന്യൂനമര്‍ദ്ദം തുടരുമെന്നും മഴ കനക്കാനാണ്‌ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.
1978ലാണ്‌ കൊല്‍ക്കത്തയില്‍ ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായത്. അന്ന്‌ നഗരത്തിന്റെ മിക്കപ്രദേശങ്ങളും വെള്ളത്തിനടിയിലായിപ്പോയി. പത്തു ദിവസത്തിലധികം കെട്ടിക്കിടന്ന വെള്ളം നിരവധിപേരുടെ മരണത്തിനും കോടികളുടെ നഷ്‌ടത്തിനും കാരണമായി. വെള്ളമിറങ്ങിയപ്പോള്‍ ജനകീയ സമരങ്ങളുടെ വേലിയേറ്റത്തെയായിരുന്നു കൊല്‍ക്കത്തയ്‌ക്ക്‌ നേരിടേണ്ടിവന്നത്. ഒന്നും ചെയ്യാതിരുന്ന ഭരണകൂടത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചത്‌ ഒടുവില്‍ കലാപം തന്നെയായിമാറി. ഇതേത്തുടര്ന്നുണ്ടായ പോലീസ്‌ വെടിവെയ്‌പ്പിലും നിരവധി മരണങ്ങള്‍ സംഭവിച്ചു.
കൊല്‍ക്കത്തയുടെ സ്ഥലനാമ ചരിത്രവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ഖൊല്‍ അഥവാ കനാലുകളുടെ നാടായിരുന്നു കൊല്‍ക്കത്ത. ഖൊലുകളുടെ ഘട്ട്‌ പിന്നീട്‌ കൊല്‍ക്കത്തയായി മാറി എന്നാണ്‌ ഈ ചരിത്രം സൂചിപ്പിക്കുന്നത്‌. ബ്രിട്ടീഷുകാരുടെ കാലത്ത്‌ ഗതാഗതത്തിനുള്ള പ്രധാനമാര്‍ഗ്ഗമായിരുന്നു ഇവിടുത്തെ കനാലുകള്‍. നഗരത്തിന്റെ എല്ലാഭാഗത്തേയും ബന്ധപ്പെടുത്തിയിരുന്ന കനാലുകള്‍ ഭൂരിഭാഗവും നികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. മൂന്നു നൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ്‌ ഭരണത്തില്‍ നന്നായ്‌ പ്രവര്‍ത്തിച്ച ഈ ചാലുകളില്‍ അവശേഷിക്കുന്നവ ഇപ്പോള്‍ നീരൊഴുക്ക്‌ തടഞ്ഞനിലയിലാണ്‌.
1970ല്‍ ഈസ്റ്റേണ്‍ മെട്രോപോലീറ്റന്‍ ബൈപാസ്‌ നിര്‍മ്മിച്ചതോടെയാണ്‌ മഴപെയ്‌താല്‍ കൊല്‍ക്കത്തയില്‍ വെള്ളം പൊങ്ങുന്നത്‌ പതിവായത്‌. നഗരമധ്യത്തിലൂടെയൊഴുകുന്ന ഹൂഗ്ലി നദിയിലേയ്‌ക്കുള്ള ചാലുകളുടെ ഒഴുക്ക്‌ ഈ റോഡ്‌ തടഞ്ഞു. അശാസ്‌ത്രീയമായ റോഡിന്റെ നിര്‍മ്മാണം നഗരത്തില്‍ വെള്ളക്കെട്ടുണ്ടാക്കുമെന്ന പരിസ്ഥിതിപ്രവര്‍ത്തകരുടെ വാക്കുകള്‍ അന്ന്‌ ആരും കേട്ടില്ല. പിന്നീട്‌ ഇങ്ങോട്ട്‌ എല്ലാവര്‍ഷവും കുറഞ്ഞത്‌ ഒരാഴ്‌ചയെങ്കിലും കൊല്‍ക്കത്ത ജലശയ്യയില്‍ പെട്ടുപോകുന്നു.
വെള്ളപ്പൊക്കത്തില്‍ ഏറ്റവും കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത് ചേരിനിവാസികളാണ്‌. കൊല്‍ക്കത്തിയിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന്‌ ചേരികളിലാണ്‌ വസിക്കുന്നത്‌. പതിനഞ്ച്‌ ലക്ഷത്തോളം വരും ഇവരുടെ എണ്ണം. തോടുകളുടെ കരയിലും താഴ്‌ന്ന ചതുപ്പ്‌ പ്രദേശങ്ങളിലുമാണ്‌ കുടിലുകള്‍. ചാക്കുകളും പ്ലാസ്റ്റിക്‌ ഷീറ്റുകളുംകൊണ്ട്‌ മറച്ച ഒരാള്‍പ്പൊക്കം പോലുമില്ലാത്ത ഇത്തരം കുടിലുകള്‍ ദക്കൂരിയായിലെയും ബാലിഗഞ്ചിലെയും ചേരികളില്‍ നിറയെ കാണാം. നിരനിരയായി കെട്ടിയുയര്‍ത്തിയ കുടിലുകളിലേക്ക്‌ വെള്ളം ആദ്യം ഇരച്ചുകയറും. കുട്ടികളെയും പരശതം നായ്‌ക്കളേയുംകൂട്ടി ചേരിനിവാസികള്‍ തെരുവിലേയ്‌ക്കിറങ്ങും. വെള്ളം കയറാത്ത സ്ഥലങ്ങള്‍ തേടിയുള്ള പലായനം. കടത്തിണ്ണകളും അഭയാര്‍ത്ഥിക്യാമ്പുകളിലും അഭയം തേടുന്നവര്‍ നിരവധി. ഓരോ തവണയും തിരികെയെത്തുമ്പോള്‍ തകര്‍ന്നടിഞ്ഞ കുടിലുകളാവും ബാക്കിയുണ്ടാവുക.
രണ്ടാം ദിവസവും മഴ തുടരുകതന്നെയാണ്‌. വെള്ളം ഇപ്പോള്‍ കൂടുന്നുമില്ല കുറയുന്നുമില്ല. ഹോട്ടലിന്റെ മുറ്റത്ത്‌ ഒരാള്‍ മുങ്ങിപ്പോകുന്നത്ര ആഴമുണ്ട്. ആര്‍ക്കും പുറത്തേയ്‌ക്ക്‌ പോകാന്‍ തന്നെ കഴിയാത്ത അവസ്ഥ. ടെലിവിഷന്‍ വാര്‍ത്തകളിലൂടെ പുറംലോകത്തേയ്‌ക്ക്‌ ഒരു വാതില്‍ തുറന്നുകിട്ടുന്നു. കൊല്‍ക്കൊത്ത പൂര്‍ണ്ണമായും പ്രളയത്തിലാണെന്ന്‌ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ഇടയ്‌ക്ക്‌ നന്ദീഗ്രാമിലെ കര്‍ഷക സമത്തിന്റെ വാര്‍ത്തകളും. ബംഗാള്‍ ഇപ്പോള്‍ സമരത്തിനും പ്രളയത്തിനും മധ്യത്തിലാണ്‌. ഞാന്‍ കൂടുതല്‍ കൂടുതല്‍ ഏകാന്തമായ മുറിയില്‍ അതിലും ഏകാന്തമായി പുറം ലോകത്തേയ്‌ക്ക്‌ നോക്കി വെറുതെ ഇരുന്നു.
അന്ന്‌ ഉച്ചയോടെ വൈദ്യുതി നിലച്ചു. അതോടെ വാര്‍ത്തയും വിവരങ്ങളും അവസാനിച്ചു. പഴഞ്ചന്‍ ഇടനാഴിയില്‍ പകല്‍ സമയത്തുപോലും മെഴുകുതിരിയുമായി നടക്കേണ്ട സ്ഥിതി. അല്‌പം വൈകിയാണ്‌ അന്ന്‌ ഭക്ഷണമെത്തിയത്‌. റൂം ബോയ്‌ക്കൊപ്പം മാനേജരുമെത്തിയിരുന്നു. പച്ചരിച്ചോറും പച്ചക്കറി വെട്ടിയരിഞ്ഞിട്ട ഒരു കറിയും മാത്രമായിരുന്നു വിഭവം. മാനേജര്‍ ക്ഷമാപണത്തോടെ പറഞ്ഞുതുടങ്ങി.
``അടുക്കളയില്‍ വെള്ളം കയറിയതുകൊണ്ട് ഭക്ഷണ സാധനങ്ങളുടെ സ്റ്റോക്ക്‌ അധിക ദിവസത്തേയ്‌ക്ക്‌ ഉണ്ടാവില്ല.''
ഞാന്‍ മനസ്സിലാകാത്തതുപോലെ അയാളെ നോക്കി. അയാള്‍ കട്ടിലില്‍ എനിക്കൊപ്പമിരുന്ന്‌ കാര്യങ്ങള്‍ വിശദീകരിച്ചു. ആദ്യദിവസം രാത്രിയില്‍ വെള്ളം കയറിയപ്പോള്‍ തന്നെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന അരിയും മറ്റുസാധനങ്ങളും നനഞ്ഞുപോയിരുന്നു. ചെളിവെള്ളം കയറാതെ രക്ഷപ്പെടുത്തിയവ ഇനി ഒരു ദിവസത്തേയ്‌ക്കു കൂടിയേയുള്ളു. അയാള്‍ പറഞ്ഞു. ഹോട്ടല്‍ കോംപ്ലക്‌സിലെ തൊട്ടടുത്ത കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്‌ താല്‍ക്കാലിക അടുക്കള പ്രവര്‍ത്തിക്കുന്നത്‌. ഞാന്‍ ഇരു ഇടനാഴിയിലൂടെ നടക്കുമ്പോള്‍ അവിടെനിന്നും ചില ശബ്‌ദങ്ങള്‍ കേള്ക്കുന്നുണ്ടായിരുന്നു.


പുറത്തെന്താണ്‌ സംഭവിക്കുന്നതെന്നറിയാത്ത രാത്രിയായിരുന്നു അത്‌. മഴയ്‌ക്കപ്പോഴും ഒരു കൂസലുമില്ല, തോരാതെ പെയ്യുകയാണ്‌. ഒരു നഗരം ഒന്നടങ്കം വെള്ളത്തിലാഴ്‌ന്നു കിടക്കുന്നു. ദശലക്ഷക്കണക്കിനു മനുഷ്യര്‍ പുറത്തിറങ്ങാനാവാതെ വീടുകളില്‍ അകപ്പെട്ടുപോയിരിക്കുന്നു. കൊല്‍ക്കത്തയിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ എവിടേയ്‌ക്ക്‌ പോയിരിക്കും! മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചു ജീവിക്കുന്ന നായ്‌ക്കള്‍ക്കും നാല്‍ക്കാലിമൃഗങ്ങള്‍ക്കുമെല്ലാം എന്തു സംഭവിച്ചിരിക്കും! ഇനിയും മഴപെയ്‌താല്‍ പഴഞ്ചന്‍ നഗരത്തിലെ നിലംപൊത്താറായ എടുപ്പുകളുടെ അസ്‌തിവാരങ്ങള്‍ക്ക്‌ അത്‌ താങ്ങാനാവുമോ? ഒരു നൂറ്റാെങ്കിലും പഴക്കമുള്ള പഴയ പ്രതാപത്തിന്റെ തൊങ്ങലുകള്‍ ദ്രവിച്ചുനില്‍ക്കുന്ന ഹോട്ടല്‍ കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ ഇരുട്ടത്ത്‌ ഞാന്‍ നടക്കുകയായിരുന്നു.
തെളിഞ്ഞ പ്രഭാതത്തിലേയ്‌ക്കാണ്‌ മൂന്നാം ദിവസം നഗരം ഉണര്‍ന്നത്‌. മഴ പൂര്‍ണ്ണമായും മാറി മാനം വെളുത്തിരുന്നു. വൈദ്യുതിബന്ധം പുനസ്ഥാപിക്കപ്പെട്ടു. ടെലിവിഷന്‍ വാര്‍ത്തകളിലും മറ്റും ശുഭകരമായ വിവരങ്ങളാണ്‌ വരുന്നത്‌. ഹോട്ടല്‍ജീവനക്കാര്‍ ആ വിവരം ആഹ്ലാദത്തോടെ അന്തേവാസികളെ അറിയിക്കുന്നു്‌. ഉച്ചയോടെ ജലനിരപ്പ്‌ താഴ്‌ന്നുതുടങ്ങി. ഗ്രൗണ്ട് ഫ്‌ളോര്‍ വൃത്തിയാക്കുന്ന ജോലിയിലാണ്‌ ഹോട്ടല്‍ ജീവനക്കാര്‍. നിരത്തില്‍നിന്നും വെള്ളം വാര്‍ന്നുപോകാന്‍ കുറഞ്ഞത്‌ പന്ത്ര്‌ മണിക്കൂറെങ്കിലും കഴിയുമെന്നറിഞ്ഞു. റോഡില്‍ അരയ്‌ക്കൊപ്പമാണ്‌ ഇപ്പോള്‍ വെള്ളം. അപ്പോഴേക്കും നിരത്ത്‌ കുറഞ്ഞൊരര്‍ത്ഥത്തില്‍ സജീവമായിക്കഴിഞ്ഞു. ജഡ്‌ക വലിക്കുന്നവരാണ്‌ ആദ്യം എത്തിയത്‌. ചില യാത്രക്കാര്‍ അതില്‍ സഞ്ചരിക്കുന്നത്‌ കണ്ടു. അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ ജഡ്‌ക്ക വലിച്ചുകൊണ്ട് ഒരു വൃദ്ധന്‍ എന്നെ കടന്നുപോയി. ഹൗറയിലെ പഴയ തെരുവിലും ഫൂല്‍ മാര്‍ക്കറ്റിലുമൊക്കെ എന്താവും സംഭവിച്ചിരിക്കുക! ബാബു ഘട്ടിലെ പണ്ഡകളും ധോബി ഘട്ടിലെ അലക്കുകാരുമെല്ലാം ഈ മഴയെ എങ്ങനെയാവും അതിജീവിച്ചിരിക്കുക! ക്യാമറയുമായി ഞാന്‍ അരയ്‌ക്കൊപ്പം വെള്ളം കെട്ടിനില്‍ക്കുന്ന കൊല്‍ക്കത്താ നിരത്തിലേയ്‌ക്കിറങ്ങി.

മൂന്നാം സിനിമ; ആഖ്യാനത്തിലെ പ്രതിസന്ധി



കാഴ്‌ചയുടെ രാഷ്‌ട്രീയത്തെ പുനര്‍നിര്‍ണയിക്കുന്നൊരു ദശാസന്ധിയുടേതാണ്‌ വര്‍ത്തമാനകാലം. ആഗോളമായൊരു ദൃശ്യബോധം കലയിലേയും സംസ്‌കാരത്തിലേയും പ്രാദേശികതകളേയും ഉപദേശീയതകളേയും മായ്‌ച്ച്‌കളയുകയും പുനഃസൃഷ്‌ടിക്കുകയും ചെയ്യുന്നു എന്നത്‌ പുതിയ പ്രതിസന്ധി എന്ന നിലയിലല്ല കണക്കാക്കപ്പെടുന്നത്‌. എന്നാല്‍ രാഷ്‌ട്രീയ നിലനില്‍പ്പിനായുള്ള ചെറുത്തുനില്‍പ്പുകള്‍ നിസാരമാക്കുംവിധം അത്‌ വേരുകള്‍ പടര്‍ത്തിക്കഴിഞ്ഞു എന്നത്‌ പുതിയ വര്‍ത്തമാനങ്ങളില്‍പ്പെടുകയും ചെയ്യും. ഇത്തരത്തില്‍ ദൂരവ്യാപകമായി നിലനില്‍ക്കുന്നൊരു ചലനത്തിന്റെ സൂചനകള്‍ അവശേഷിപ്പിച്ചുകൊാണ്‌ തിരുവനന്തപുരത്തെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം സമാപിച്ചത്‌. മാനകമാക്കപ്പെടുന്ന ദൃശ്യഭാഷയിലേക്ക്‌ മൂന്നാംലോകത്തിന്റെ ക്യാമറക്കണ്ണുകളും തുറക്കുന്നതിന്‌ നിരവധി ഉദാഹരണങ്ങളാണ്‌ ഈ മേള സമ്മാനിച്ചത്‌. കച്ചവട മൂല്യങ്ങളെ ആഖ്യാനത്തിന്റെ വഴിയില്‍ പരസ്യമായി ആഘോഷിക്കുകയും, അതേസമയം തന്നെ പ്രമേയപരമായ രാഷ്‌ട്രീയ ബോധം മൂന്നാം സിനിമയുടെ (Third Film) പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക്‌ ഊന്നുകയും ചെയ്യുന്ന അസാധാരണമായ കാഴ്‌ച. ഒരു ആഖ്യാനപ്രതിസന്ധി എന്ന നിലയില്‍ത്തന്നെ വിലയിരുത്താവുന്നൊരു ഘട്ടത്തിലേക്കാണ്‌ ഇതിന്റെ വളര്‍ച്ച.
പോസ്റ്റ്‌കൊളോണിയല്‍ ചെറുത്തുനില്‍പ്പുകളുടെ പ്രചണ്‌ഡമായ ആവേശം പോറുന്നൊരു ആഖ്യാനമായിരുന്നു മൂന്നാം സിനിമ. സാമ്രാജ്യത്വ-കോളനി രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങളിലൂടെ സ്ഥാപിക്കപ്പെട്ട സാമ്പത്തിക/സാമൂഹിക/രാഷ്‌ട്രീയ/സാംസ്‌കാരിക ബിംബങ്ങള്‍ക്കെതിരായ സമരമായിരുന്നു അത്‌. പോരാട്ടത്തിന്റെ ആത്മവിശ്വാസവും വിപ്ലവത്തിന്റെ പുത്തന്‍ പ്രതീക്ഷയും സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരായ ശബ്‌ദവുമൊക്കെ ഇവയില്‍ പ്രമേയങ്ങളായി. 1960 കളില്‍ ആരംഭംകൊണ്ട പ്രതിരോധ സിനിമ അതിന്റെ രണ്ടാംഘട്ടതില്‍് വിപ്ലവത്തിന്റെ തകര്‍ച്ചയേയും പ്രമേയവത്‌കരിക്കുന്നു്‌. 80 കളോടെ മുദ്രാവാക്യങ്ങളും ആശയസമരങ്ങളും അണഞ്ഞുതുടങ്ങിയെങ്കിലും, ആ പ്രതിസന്ധിയേയും അതിജീവിക്കുന്നൊരു പ്രസ്ഥാനമായി മൂന്നാം സിനിമ നിലനില്‍ക്കുയും ചെയ്‌തു. സുഘടിതമായൊരു മുന്നേറ്റം എന്ന നിലയില്‍ ആയിരുന്നില്ല അത്‌. വര്‍ഗപരമായ നിലപാടുകളുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പെട്ട ശ്രമങ്ങളായിരുന്നു നിലനിന്നത്‌. കണ്ണ്‌ മഞ്ഞളിക്കുന്ന ദൃശ്യഘോഷയാത്രയുടെ വിപണി തന്ത്രങ്ങള്‍ക്കും, അച്ചടക്കത്തിന്റെ സൂക്ഷ്‌മ സ്‌പന്ദനങ്ങള്‍ പോലും ഫ്രെയിമിലൊതുക്കിയ കാവ്യാത്മക പ്രതിപാദനത്തിന്റെ ആര്‍ട്ട്‌ ഹൗസ്‌ ശീലങ്ങള്‍ക്കും ഇടയില്‍ അവ വേറിട്ടുനിന്നു. ആഫ്രിക്കയില്‍നിന്നും ലാറ്റിനമേരിക്കന്‍/ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന രാഷ്‌ട്രീയ സിനിമകളില്‍ മൂന്നാം സിനിമ അന്യം നിന്നുപോകാതെ സാന്നിധ്യമായി നിലകൊിരുന്നു. സിനിമ എന്ന കലയിലെ വ്യാപാരമൂല്യങ്ങളെ അത്‌ നിരാകരിച്ചു.
കോമഡി, മെലോഡ്രാമ, ഹൊറര്‍ ത്രയങ്ങളാണ്‌ കച്ചവട സിനിമകളുടെ പതിവു ചേരുവകളിലെ പ്രധാന ഇനങ്ങള്‍. മറിച്ചും തിരിച്ചും സൃഷ്‌ടിക്കുന്ന പുത്തന്‍ പ്രതീതിയാകട്ടെ ബോക്‌സ്‌ ഓഫീസുകളെ മാത്രം ലക്ഷ്യംവച്ചുള്ളതാണ്‌. കച്ചവട സിനിമയുടെ മെക്കയായ ഹോളിവുഡ്‌ ലോകമെങ്ങുമുള്ള പ്രാദേശിക സിനിമാ വ്യവസായങ്ങള്‍ക്ക്‌ ഭീഷണിയായി പടര്‍ന്ന്‌ പന്തലിച്ചു കഴിഞ്ഞു. ഹോളിവുഡിനെ പ്രധിരോധിക്കാന്‍ യൂറോപ്യന്‍ സര്‍ക്കാരുകള്‍ തദ്ദേശ സിനിമകള്‍ക്ക്‌ കനത്ത സബ്‌സിഡികളാണ്‌ അനുവദിച്ചു വരുന്നത്‌. എന്നിട്ടും പിടിച്ചു നില്‍ക്കാനാകാത്ത വിധം ഇംഗ്ലും ഫ്രാന്‍സുമുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ റിലീസ്‌ ചെയ്യുന്ന സിനിമകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുകഴിഞ്ഞു. ഒമ്പതു പതിറ്റാുകള്‍ കൊ്‌ ഹോളിവുഡ്‌ തീര്‍ത്ത ഭാവുകത്വപരമായ മേധാവിത്വത്തിന്‌ പ്രതിരോധങ്ങള്‍ ദുര്‍ബലമാവുകയാണെന്ന നിലവിട്ട തിരിച്ചറിവിലേക്കാണ്‌ ഓരോ ചലച്ചിത്രമേളയും പ്രേക്ഷകരെ ആനയിക്കുന്നത്‌.
മൂന്നാം സിനിമയുടെ പ്രതിരോധത്തിനും വാണിജ്യ സിനിമയുടെ വിസ്‌മയക്കാഴ്‌ചകള്‍ക്കുമിടയിലാണ്‌ യൂറോപ്യന്‍ ആര്‍ട്ട്‌ഹൗസ്‌ സിനിമകളുടെ സ്ഥാനം. ജംപ്‌കട്ടുകളിലൂടെയും(Jump Cut)ക്യാമറ കൈയില്‍ വച്ച്‌ ഷൂട്ട്‌ ചെയ്യുന്ന രീതിയിലൂടെയും (Hand Held Camera) മൂന്നാം സിനിമയോട്‌ ആഖ്യാനപരമായ സാദൃശ്യം ആര്‍ട്ട്‌ഹൗസ്‌ സിനിമകള്‍ ആദ്യകാലത്ത്‌ പുലര്‍ത്തി. കച്ചവടത്തെ ലാക്കാക്കാതെ സര്‍ഗാത്മക താത്‌പര്യങ്ങള്‍ക്ക്‌ മാത്രം ഊന്നല്‍ നല്‍കിയ ഈ പ്രസ്ഥാനമാണ്‌ ലോകസിനിമയില്‍ ഏറ്റവുമധികം പ്രതിഭകളെ ആകര്‍ഷിച്ചതെന്ന്‌ നിസംശയം പറയാം. സാമൂഹ്യവും രാഷ്‌ട്രീയപരവുമായ പ്രമേയങ്ങളും ഇടക്കിടെ കടന്നുവന്നെങ്കിലും ലാവണ്യപരമായ പുതുമകളിലായിരുന്നു ആര്‍ട്ട്‌ഹൗസ്‌ സിനിമകളുടെ കണ്ണ്‌. കഥാപാത്രങ്ങളുടെ വ്യക്തിനിഷ്‌ടമായ അനുഭവേലാകം സൂക്ഷ്‌മമായിത്തന്നെ പകര്‍ത്തപ്പെട്ടു ഇവയില്‍. രാഷ്‌ട്രീയ സമീപനം, ആഖ്യാന സമ്പ്രദായം എന്നിവയില്‍ വ്യത്യാസങ്ങള്‍ പുലര്‍ത്തിക്കൊ്‌ വാണിജ്യസിനിമകളോടും ഹോളിവുഡിനോടും പോരാടിയ ഇതര സിനിമാ പ്രസ്ഥാനങ്ങളും കാലാകാലങ്ങളിലുായി. 20കളിലും 30കളിലും ഫ്രാന്‍സില്‍ പ്രചാരം നേടിയ അവാന്ത്‌ഗാര്‍ഡ്‌ മൂവ്‌മെന്റും, 50കള്‍ മുതല്‍ 70കള്‍ വരെ ഇന്ത്യന്‍ സിനിമയില്‍ സ്വാധീനം ചെലുത്തിയ സമാന്തര സിനിമയും (Parallel Film) ഇവയില്‍പ്പെടുന്നു. അതിലുമേറെ ശക്തമായി 60കളിലെ ഫ്രഞ്ച്‌ ന്യൂവേവും 80കള്‍ മുതലിങ്ങോട്ട്‌ ര്‌ പതിറ്റാുകാലം അമേരിക്കയില്‍ ശക്തമായിരുന്ന സ്വതന്ത്ര സിനിമ(Independant Film) യുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണ്‌. ചിലപ്പോഴെങ്കിലും ഇവയെല്ലാം പരസ്‌പരം കൊും കൊടുത്തും നിലനിന്ന്‌, സിനിമയിലെ വാണിജ്യമൂല്യങ്ങളോട്‌ പൊരുതുകയായിരുന്നു.
പ്രേക്ഷകന്റെ വികാര വിചാരങ്ങളെ അടക്കിവാഴുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും, അതി ദ്രുതത്തിലുള്ള കഥാഗതിയും, വിസ്‌മയിപ്പിക്കുന്ന പ്രകാശവിതാനവുമൊക്കെയായി തീയേറ്ററുകളെ അദ്‌ഭുതക്കൊട്ടകകള്‍ ആക്കുന്ന ചെപ്പടിവിദ്യയാണ്‌ കച്ചവട സിനിമകളുടെ പതിവുരീതി. പ്രമേയമാകട്ടെ ആദിമദ്ധ്യാന്തപ്പൊരുത്തത്തോടെ സകല പ്രശ്‌നങ്ങളുടേയും കുരുക്കഴിക്കും. അതിന്‌ അമാനുഷ ശക്തിയുള്ള നായകന്‍മാര്‍. തീയേറ്റര്‍ സ്‌ക്രീന്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ വെള്ളിവെളിച്ചത്തില്‍ തിളങ്ങും. പ്രേക്ഷകരെ രസിപ്പിക്കുക എന്നതൊഴിച്ചാല്‍ ഗ്രോസ്‌ കളക്‌ഷന്‍ റിപ്പോര്‍ട്ടില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാണിജ്യ സിനിമകളുടെ ആഖ്യാന സമ്പ്രദായത്തിലേക്കാണ്‌ ഇപ്പോള്‍ പ്രതിരോധ സിനിമകളും ചെന്നെത്തുന്നത്‌. ഈ വിധം ജനപ്രിയ സാംസ്‌കാരിക രൂപം സമാന്തരപാതയിലേക്കും കടന്നുകയറുന്നതിന്‌ ഉദാഹരണങ്ങളാണ്‌, തിരുവനന്തപുരം മേളയില്‍ പ്രദര്‍ശിപ്പിച്ച ഈജിപ്‌ഷ്യന്‍ ചിത്രമായ `ഷെഹ്‌റസാദാ, ടെല്‍ മീ എ സ്റ്റോറി' യും, ഇന്ത്യന്‍ ചിത്രമായ `ജസ്റ്റ്‌ വണ്‍ ചാന്‍സും'(ഏക്‌ തോ ചാന്‍സ്‌).


യുസ്രി നസറുള്ള സംവിധാനം ചെയ്‌ത `ഷെഹ്‌റസാദ, ടെല്‍ മീ എ സ്റ്റോറി' എന്ന സിനിമ ഒരു ടെലിവിഷന്‍ അവതാരകയുടെ കഥയാണ്‌ അനാവരണം ചെയ്യുന്നത്‌. ജനപ്രിയമായ ഒരു രാഷ്‌ട്രീയ പരിപാടിയുടെ അവതാരകയാണ്‌ ഹെബ്ബ. അവരുടെ ഭര്‍ത്താവ്‌ കരീം ആകട്ടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പത്രത്തിന്റെ എഡിറ്ററും. ഹെബ്ബയുടെ പരിപാടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നു. ഇതേത്തുടര്‍ന്ന്‌ കരീം മുഖേന ഹെബ്ബയുടെ പരിപാടി അവസാനിപ്പിക്കുകയാണ്‌ സര്‍ക്കാരിലെ ചില ഉന്നതര്‍. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന മറ്റൊരു പരിപാടി ഹെബ്ബ ആരംഭിക്കുന്നു. ജീവിതത്തില്‍ വ്യത്യസ്‌തമായ അനുഭവങ്ങള്‍ നേരിട്ട സ്‌ത്രീകളെ തല്‍സമയം ഇന്റര്‍വ്യൂ ചെയ്യുന്ന ആ പരിപാടിയും ജനശ്രദ്ധ നേടുന്നു. മൂന്ന്‌ സ്‌ത്രീകളുടെ കഥയാണ്‌ മൂന്ന്‌ എപ്പിസോഡുകളിലായി പുറത്തുവരുന്നത്‌. പ്രണയത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ട ക്രൂരമായ കഥകളാണ്‌ ഓരോ സ്‌ത്രീക്കും പറയാനുള്ളത്‌. ഈജിപ്‌തിലെ രാഷ്‌ട്രീയ സാമൂഹ്യാവസ്ഥയും, സ്‌ത്രീകള്‍ക്ക്‌ സമൂഹത്തിലുള്ള പദവിയും എന്താണെന്ന്‌ ഈ കഥകളിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതും സര്‍ക്കാരിന്‌ തലവേദനയാകുകയാണ്‌. അതോടെ ഹെബ്ബയുടേയും കരീമിന്റെയും കുടുംബജീവിതത്തിന്റെ താളം തെറ്റുന്നു. കരീമിന്‌ ലഭിക്കേിയിരുന്ന പ്രൊമോഷന്‍ സര്‍ക്കാര്‍ തടയുന്നതായി അയാള്‍ ആരോപിക്കുകയും ഹെബ്ബയെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. നാലാം എപ്പിസോഡിന്റെ ആരംഭത്തിലാണ്‌ സിനിമ അവസാനിക്കുന്നത്‌. നാലാമത്തെ അതിഥി താന്‍ തന്നെയാണെന്ന്‌ ഹെബ്ബ പ്രേക്ഷകരെ അറിയിക്കുന്നു. അവര്‍ ഭര്‍ത്താവില്‍ നിന്ന്‌ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പറഞ്ഞുതുടങ്ങുന്നതോടെ സിനിമ അവസാനിക്കുകയാണ്‌.
അറേബ്യന്‍ സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള പരിവര്‍ത്തനത്തില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയാണ്‌ ഈ സിനിമ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. സ്‌ത്രീപക്ഷമായ പ്രമേയത്തിലൂടെ വര്‍ഗപരമായ നിലപാടാണ്‌ സിനിമ പുലര്‍ത്തുന്നത്‌. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരായ താക്കീതായും പ്രമേയം മാറുന്നു. എന്നാല്‍ ആഖ്യാനപരമായി `ഷെഹ്‌റസാദ' കച്ചവട സിനിമയുടെ പതിവു ചുവടുകള്‍ തന്നെയാണ്‌ പിന്‍തുടരുന്നത്‌. അനാവശ്യമായ ഫ്രെയിം മൂവ്‌മെന്റുകളും, ചടുലമായ എഡിറ്റിംഗും ചിത്രത്തെ ശരാശരി നിലവാരത്തില്‍ത്തന്നെ തളച്ചിടുന്നു. ഹോളിവുഡിനെ വെല്ലുന്ന സംഘര്‍ഷ നിമിഷങ്ങളും വേഗതയേറിയ കട്ട്‌ ടു കട്ട്‌ സീക്വന്‍സുകളും സിനിമ പറയാന്‍ ശ്രമിക്കുന്ന ഗൗരവമാര്‍ന്ന വിഷയത്തിന്റെ ആഴം ചോര്‍ത്തിക്കളയുകയാണ്‌. നാലു വ്യത്യസ്‌തമായ കഥകള്‍ എന്നത്‌ പുതുമയല്ലെങ്കിലും ആസ്വാദനത്തിന്റെ തലത്തില്‍ അത്‌ കോര്‍ത്തിണക്കപ്പെടുന്നു്‌. എന്നാല്‍ മുന്‍കൂട്ടി പ്രവചിക്കാന്വുന്ന വിധത്തിലൊരു അന്ത്യത്തിലേക്ക്‌ ഇവയെ എത്തിക്കുന്നത്‌ വ്യാപാര സിനിമയുടെ രീതി മാത്രമാണ്‌. ആസ്വാദനത്തിന്റെ തലത്തില്‍ മാത്രമാണ്‌ ഓരോ സീനും ക്രമപ്പെടുത്തിയിരിക്കുന്നത്‌. ചിലയിടങ്ങളില്‍ അത്‌ ഒരു ത്രില്ലര്‍ സിനിമയടെ ഉദ്വേഗം പ്രേക്ഷകരില്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തവുമാണ്‌. സദാസമയം ഉയര്‍ന്ന സ്ഥായിയില്‍ നില്‍ക്കുന്ന പ്‌സ്‌ചാത്തല സംഗീതമാകട്ടെ ഒരു തട്ടുപൊളിപ്പന്‍ ചിത്രത്തിന്റെ ആസ്വാദന നിലവാരത്തിലേക്ക്‌ പ്രേക്ഷകരെ എത്തിക്കുന്നു.
സമൂഹമനസിന്റെ ലിംഗനീതിയെ വിചാരണ ചെയ്‌തുകൊ്‌ സ്‌ത്രീ പ്രശ്‌നത്തിന്റെ തിരിച്ചറിവിലേക്ക്‌ പ്രേക്ഷകരെ നയിക്കുന്നു എന്ന പ്രശംസയോടെ ലോകമെങ്ങുമുള്ള സമാന്തരസിനിമാ മേളകളിലേക്ക്‌ `ഷെഹ്‌റസാദ' ആനയിക്കപ്പെടുകയാണ്‌. ആഗോളതലത്തില്‍ ശ്രദ്ധേയങ്ങളായ ടൊറന്റോ, വെനീസ്‌ ഫിലിം ഫെസ്റ്റിവലുകളില്‍ ഈ ചിത്രം അവാര്‍ഡുകള്‍ നേടുകയും ചെയ്‌തു. കമ്പററി ഏഷ്യന്‍ വിഭാഗത്തില്‍പ്പെടുത്തി രാജ്യാന്തമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സിനിമ പ്രമേയപരമായി ബദല്‍ നിലപാടിന്‌ ഊന്നല്‍ നല്‍കുമ്പോഴും ആഖ്യാനപരമായി ജനപ്രിയ/ഹോളിവുഡ്‌ ശീലങ്ങളെ പിന്തുടരുകയാണ്‌ ചെയ്യുന്നത്‌.

സയീദ്‌ അക്തര്‍ മിര്‍സ സംവിധാനം ചെയ്‌ത `ഏക്‌ തോ ചാന്‍സ്‌' മുംബൈ നഗരത്തിന്റെ ഓരങ്ങളില്‍ ജീവിക്കുന്നവരുടെ കഥയാണ്‌ പറയുന്നത്‌. വിജയ്‌ റാസ്‌ അവതരിപ്പിച്ച കഥാപാത്രമായ കള്ളനിലൂടെ മുംബൈ നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തിലെ നിസഹായത വെളിപ്പെടുത്തുകയാണ്‌ സയീദ്‌ മിര്‍സ. വ്യത്യസ്ഥരായ കുറേപ്പേരെ ഒരു സംഭവം കൂട്ടിയിണക്കുന്ന തരത്തിലാണ്‌ സിനിമയുടെ ക്രാഫ്‌റ്റ്‌. കള്ളനും, അയാളെ പിടിക്കാന്‍ ബുദ്ധിമുട്ടുന്ന സബ്‌ ഇന്‍സ്‌പെക്‌ടറും, ഫാഷന്‍ ഡിസൈനറും, മോഡലും, ബാറിലെ വേശ്യയുമെല്ലാം ഒരു കൊളാഷുപോലെ കഥയില്‍ നിറയുന്നു. നിത്യജീവിതത്തില്‍ വില്ലന്‍മാരെന്ന്‌ കരുതുന്നവരൊന്നും അങ്ങനെയാകണമെന്നില്ല എന്ന തിരിച്ചറിവാണ്‌ സിനിമയുടെ മേന്‍മയായി എടുത്തു പറയാവുന്നത്‌. വര്‍ഗപരമാകുന്ന ഈ നിലപാടിലൂടെ മുഖ്യധാരാ സിനിമയുടെ പ്രമേയങ്ങളില്‍ നാം കുമുട്ടുന്ന പതിവു ചിട്ടവട്ടങ്ങളില്‍ മാറ്റം വരുത്താന്‍ സയീദ്‌ മിര്‍സക്ക്‌ കഴിയുന്നു്‌.
എന്നാല്‍ ആഖ്യാനത്തില്‍ ഇതൊരു പതിവു ബോളിവുഡ്‌ മസാലച്ചിത്രം തന്നെയാണ്‌. ഉയര്‍ന്ന സ്ഥായിയില്‍ പ്രദര്‍ശനശാലയെ പ്രകമ്പനംകൊള്ളിക്കുന്ന പശ്ചാത്തല സംഗീതവും, ഇടക്കിടെ മേനിക്കൊഴുപ്പ്‌ പ്രദര്‍ശിപ്പിച്ച്‌ നായികാ നായകന്‍മാര്‍ ആടിത്തിമിര്‍ക്കുന്ന പാട്ടുകളും ഈ ചിത്രത്തെ ഒരു ഷാരൂഖ്‌ ഖാന്‍ ചിത്രത്തിന്റെ നിലവാരത്തിലേക്ക്‌ താഴ്‌ത്തുന്നു. ഹോളിവുഡ്‌/ബോളിവുഡ്‌ രീതിയിലുള്ള ഷോട്ട്‌ വേര്‍തിരിവുകളും എഡിറ്റിംഗിലെ വന്യമായ വേഗതയും ഗൗരവമുള്ള പ്രമേയത്തിന്റെ സത്ത ചോര്‍ത്തിക്കളയുകയാണ്‌. 2010 മാര്‍ച്ചില്‍ ലോകമെങ്ങും കൊമേഴ്‌സ്യല്‍ റിലീസിനൊരുങ്ങുകയാണ്‌ `ഏക്‌ തോ ചാന്‍സ്‌`. തന്റെ ചിത്രം കമേഴ്‌സ്യല്‍ ബ്ലെന്‍ഡ്‌ ആണെന്ന്‌ മിര്‍ സ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താക്കളില്‍ പ്രമുഖനായിരുന്നു സയീദ്‌ അക്തര്‍ മിര്‍സ.

ബോളിവുഡിന്റെ പണക്കൊഴുപ്പിനിടയിലും കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന മിര്‍സ 14 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌. മിര്‍സയുടെ അവസാന ചിത്രമായ `നസീം' 1995 ലെ ദേശീയ അവാര്‍ഡ്‌ നേടിയിരുന്നു. ബാബറി മസ്‌ജിദിന്റെ തകര്‍ച്ചക്ക്‌ ശേഷമുള്ള ഇന്ത്യന്‍ സാഹചര്യമാണ്‌ ഇതില്‍ പ്രമേയം. പൂനയിലേയും കല്‍ക്കത്തയിലേയും ഫിലിം സ്‌കൂളുകളിലെ പ്രമുഖനായ ഈ അദ്ധ്യാപകനും, കച്ചവട സിനിമയുടെ വിപണി വ്യാകരണങ്ങള്‍ അടിസ്ഥാനപ്പെടുത്തി സിനിമ നിര്‍മ്മിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ സമാന്തര ശാഖയുടെ ഭാവി എന്താകും എന്നത്‌ പ്രവചനാതീതമാകുകയാണ്‌.